Kerala News

വികസിത കേരളമെന്ന മുദ്രാവാക്യം ബിജെപിയുടെ ലക്ഷ്യവും പ്രവർത്തകരുടെ ദൗത്യവുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ

കൊടുങ്ങല്ലൂർ: വികസിത കേരളമെന്ന മുദ്രാവാക്യം ബിജെപിയുടെ ലക്ഷ്യവും പ്രവർത്തകരുടെ ദൗത്യവുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ. തൃശൂർ സൗത്ത് ജില്ല വികസിത കേരളം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി നിറഞ്ഞ യുപിഎ ഭരണകാലത്ത് സമസ്ത മേഖലകളിലും പിന്നോക്കാവസ്ഥയിലായിരുന്ന ഭാരതം കഴിഞ്ഞ പത്ത് വർഷത്തെ മോദി ഭരണത്തിൽ മാറ്റത്തിൻ്റെ കുതിപ്പിലാണ്. ഇടതു-വലതു മുന്നണി ഭരണത്താൽ വികസനം മുരടിച്ച കേരളത്തിലും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്.പണ്ട് സിപിഎമ്മിന്റെ മുഖമുദ്ര അക്രമരാഷ്ട്രീയവും, കോൺഗ്രസിന്റേത് അഴിമതിയും ആയിരുന്നെങ്കിൽ, ഇൻഡി മുന്നണി രൂപീകരിച്ച് ഡൽഹിയിൽ ഒരുമിച്ചിരുന്ന് ചായ കുടിക്കാൻ തുടങ്ങിയ ശേഷം രണ്ടുപക്ഷത്തിനും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. രണ്ടിടത്തും അഴിമതിയും കള്ളത്തരവും നുണപ്രചാരണവും ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

2014-ൽ കോൺഗ്രസ് മുക്ത ഭാരതം ആരംഭിച്ചതുപോലെ, 2025-ൽ സിപിഎം മുക്ത കേരളത്തിന് തുടക്കം കുറിക്കും. യുപിഎ ഭരിച്ച 10 വർഷവും, സിപിഎം ഭരിച്ചുകൊണ്ടിരിക്കുന്ന 9 വർഷവും ജനങ്ങൾക്കുണ്ടായത് വലിയ നഷ്ടമാണ്. പൊതുജനം മടുത്തു തുടങ്ങിയിട്ടുണ്ട്, മാറ്റം അവർ ആഗ്രഹിക്കുന്നു. ആ മാറ്റത്തിനായി ബിജെപി അധികാരത്തിൽ വരണം. വോട്ടുബാങ്ക് ലക്ഷ്യം വെച്ചാണ് മുനമ്പം പ്രശ്നത്തിലും സിപിഎമ്മും കോൺഗ്രസ്സും ഇരട്ടത്താപ്പ് സ്വീകരിക്കുന്നത്. ബിജെപിയെ തോൽപ്പിക്കാൻ സിപിഎമ്മും കോൺഗ്രസും ഏതുതരം പ്രചാരണവും നടത്തും. അവർ നുണ പറയുമ്പോൾ, നമ്മൾ സത്യം പറയണം. അനിവാര്യമായ ഈ മാറ്റത്തിന് വരുന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപി നേതൃത്വം നൽകും. സാമ്പത്തികമായി ദുർബലാവസ്ഥയിലായ പിണറായി സർക്കാർ വാർഷികാഘോഷത്തിൻ്റെ പേരിൽ കോടികൾ ധൂർത്തടിക്കുകയാണെന്നും അദ്ദേഹം. സൗത്ത് ജില്ല പ്രസിഡൻ്റ് എ.ആർ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ എം.ടി.രമേഷ്, അഡ്വ.എസ്.സുരേഷ്, ഉണ്ണികൃഷ്ണൻ മാസ്റ്റർ, കെ.പി.ഉണ്ണികൃഷ്ണൻ, ഷാജുമോൻ വട്ടേകാട് എന്നിവർ സംസാരിച്ചു. അഡ്വ.ബി.ഗോപാലകൃഷ്ണൻ, എ.നാഗേഷ്, അനൂപ് ആൻ്റണി, കൃപേഷ് ചെമ്മണ്ട തുടങ്ങിയവർ സംബന്ധിച്ചു.കൺവെൻഷൻ്റെ തുടക്കത്തിൽ അന്തരിച്ച മാർപാപ്പക്ക് ആദരാഞ്ജലി അർപ്പിച്ച് മൗനാചരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *