തിരുവനന്തപുരം: 2025-26 വര്‍ഷത്തേക്കുള്ള പ്ലസ് വണ്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം നാളെ (മെയ് 20) വൈകിട്ട് 5 മണിവരെയാണ്. കേരളത്തിലെ എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്കും മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്കുമാണ് അപേക്ഷിക്കേണ്ടത്.
മെയ് 24ന് വൈകിട്ട് 4 മണിക്ക് ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. തുടര്‍ന്ന്, ആദ്യ അലോട്ട്മെന്റ് ജൂണ്‍ 2ന്, രണ്ടാം അലോട്ട്മെന്റ് ജൂണ്‍ 10ന്, മൂന്നാമത്തെ അലോട്ട്മെന്റ് ജൂണ്‍ 16ന് നടക്കും. ക്ലാസുകള്‍ ജൂണ്‍ 18ന് ആരംഭിക്കും. ശേഷിക്കുന്ന ഒഴിവുകള്‍ സപ്ലിമെന്ററി അലോട്ട്മെന്റിലൂടെയും നികത്തും. ജൂലൈ 23ന് പ്രവേശന നടപടികള്‍ അവസാനിക്കും.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in/ ലെ CREATE CANDIDATE LOGIN – SWS ലിങ്കിലൂടെ വിദ്യാര്‍ഥികള്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാം. ഈ ലോഗിനിലൂടെയാണ് അപേക്ഷ സമര്‍പ്പണവും തുടര്‍ന്നുള്ള പ്രവേശന നടപടികളും.
പട്ടിക ജാതി വികസന വകുപ്പിന്റെ ആറ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്കുള്ള പ്രവേശനവും ഈ വര്‍ഷം മുതല്‍ ഏകജാലക സംവിധാനം വഴി നടത്തും.





