Education Kerala News

പ്ലസ് വണ്‍ പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 2ന് ; പ്രവേശനം ജൂണ്‍ 3 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 2ന് വൈകിട്ട് 5 മണിക്ക് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ജൂണ്‍ 3 രാവിലെ 10 മണി മുതല്‍ ജൂണ്‍ 5 വൈകിട്ട് 5 മണിവരെ ആണ് പ്രവേശനത്തിന് സമയമൊരുക്കിയിരിക്കുന്നത്.

ഇതിനൊപ്പം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേയും സ്പോര്‍ട്‌സ് ക്വോട്ടകളിലേയും അലോട്ട്‌മെന്റുകളും പ്രസിദ്ധീകരിക്കും. രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 10നും മൂന്നാം അലോട്ട്‌മെന്റ് ജൂണ്‍ 16നും  പ്രസിദ്ധീകരിച്ച് മുഖ്യഘട്ട അലോട്ട്‌മെന്റുകള്‍ പൂര്‍ത്തീകരിച്ച് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ജൂണ്‍ 18 ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

മെയ് 24ന് പ്രസിദ്ധീകരിച്ച ട്രയല്‍ അലോട്ട്‌മെന്റിന് ശേഷം അപേക്ഷകര്‍ക്ക് ഓപ്ഷനുകളില്‍ തിരുത്തലുകള്‍ ചെയ്യാനും പുനക്രമീകരിക്കാനും മെയ് 28 വരെ സമയം അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ലക്ഷം പതിനാറായിരം (3,16,000) മെറിറ്റ് ക്വോട്ട സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റ് നടത്തപ്പെടുന്നത്. 

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അണ്‍-എയ്ഡഡ് സ്‌കൂളുകളിലായി മൊത്തം 4,42,012 ഹയർസെക്കണ്ടറി സീറ്റുകൾ ലഭ്യമാണ്. പ്ലസ് വണ്‍ പ്രവേശനത്തിനായി ആകെ 4,62,768 അപേക്ഷകള്‍ ലഭിച്ചതായി മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *