India News

അമിതാഭ് കാന്ത് സര്‍ക്കാര്‍ സേവനത്തില്‍നിന്ന് വിരമിച്ചു; 45 വര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തിന് വിരാമം

ന്യൂഡല്‍ഹി: നീണ്ട നാലു പതിറ്റാണ്ടിലധികം സര്‍ക്കാര്‍ സേവനത്തിന് ശേഷം, ഇന്ത്യയുടെ ജി20 ഷെര്‍പ്പയായിരുന്ന നീതി ആയോഗ് മുന്‍ സിഇഒ അമിതാഭ് കാന്ത് ഔദ്യോഗികമായി രാജിവെച്ചു. 45 വര്‍ഷത്തെ സമര്‍പ്പിത സേവനത്തിന് ശേഷമാണ് അദ്ദേഹം ഔദ്യോഗിക രംഗത്തുനിന്ന് വിരമിച്ചത്. പുതിയ അവസരങ്ങള്‍ തേടി ജീവിതത്തില്‍ മുന്നേറാനാണ് രാജിയെന്ന് അമിതാഭ് കാന്ത് ട്വിറ്ററിൽ കുറിച്ചു.

തലശ്ശേരിയില്‍ സബ് കലക്ടറായി ജോലി ചെയ്ത് കേരള കേഡറിലാണ് അമിതാഭ് കാന്ത് തന്റെ ഐഎഎസ് സര്‍വീസ് ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് മത്സ്യഫെഡില്‍ മാനേജിങ് ഡയറക്ടറായി നിയമിതനായി. തുടര്‍ന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ എന്ന നിലയില്‍ , കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. മാനാഞ്ചിറ മൈതാനം നവീകരിക്കല്‍ ഇദ്ദേഹം കലക്ടര്‍ ആയിരുന്ന കാലത്താണ്.

കേരളത്തിലെ ടൂറിസം സെക്രട്ടറിയായിരിക്കെ, സംസ്ഥാനത്തെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. ടൂറിസം സെക്രട്ടറിയായിരിക്കെ ‘കേരളം: ദൈവത്തിന്റെ സ്വന്തം നാട്’ എന്ന മുദ്രാവാക്യം ജനപ്രിയമാക്കിയതിന്റെ ബഹുമതിയും അദ്ദേഹത്തിനുണ്ട്.

കേരളത്തിലെ തന്റെ കാലാവധിക്ക് ശേഷം, 2001ല്‍ ടൂറിസം മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായി നിയമിതനായി. 2007 വരെ അദ്ദേഹം അവിടെ തുടര്‍ന്നു. ഈ സമയത്താണ് ഇന്ത്യയെ ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ കാംപെയിന്‍ ആവിഷ്‌കരിച്ചത്. പിന്നീട്, വ്യവസായ നയ, പ്രോത്സാഹന വകുപ്പിന്റെ (ഡിഐപിപി) സെക്രട്ടറി എന്ന നിലയില്‍, മെയ്ക്ക് ഇന്‍ ഇന്ത്യ ‘,’സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ ‘, ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ‘ തുടങ്ങിയ ആശയങ്ങള്‍ക്ക് രൂപം നല്‍കുന്നതിലും നേതൃപരമായ പങ്കുവഹിച്ചു. 2016 മുതല്‍ 2022 വരെ നിതി ആയോഗിന്റെ സിഇഒ ആയിരുന്നു അമിതാഭ് കാന്ത്.

Leave a Reply

Your email address will not be published. Required fields are marked *