International News

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം മൂലം എണ്ണവില കുതിക്കുന്നു; രാജ്യത്ത് ഇന്ധനവില വര്‍ധിക്കുമോ ?

ന്യൂഡല്‍ഹി: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം കടുത്ത പശ്ചാത്തലത്തില്‍ ആഗോള ക്രൂഡ് ഓയില്‍ (എണ്ണ) വില കുതിച്ചുയരുകയാണ്. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്‍റ് ക്രൂഡിന്റെ വില ബാരലിന് 75 ഡോളര്‍ കടന്നു. കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിനെ അപേക്ഷിച്ച് 1.24 ശതമാനം വര്‍ധനയാണിത്.

സംഘര്‍ഷം ആരംഭിച്ച് ഉടന്‍ തന്നെ ഇന്ധനവിലയില്‍ വലിയ ചലനമാണ് സംഭവിച്ചത്. വെള്ളിയാഴ്ച മാത്രം ബാരലിന് എട്ടുശതമാനം വരെ വില വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രൂഡ് ഓയില്‍ വിലയില്‍ തുടർച്ചയായ ഉയര്‍ച്ചയാണ് അനുഭവപ്പെടുന്നത്.

ഇതിന്റെ പശ്ചാത്തലത്തില്‍ വില 100 ഡോളറിന് മുകളിലേക്ക് കുതിച്ചേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പ്രശസ്ത ധനകാര്യ സ്ഥാപനമായ ജെ പി മോര്‍ഗന്റെ വിലയിരുത്തല്‍ പ്രകാരം വില 120 ഡോളര്‍ വരെ ഉയര്‍ന്നേക്കാവുന്നതാണ്.

ഇന്ത്യ പ്രമുഖ എണ്ണ ഇറക്കുമതി രാജ്യമാണ്. ഇന്ത്യയുടെ എണ്ണ ആവശ്യകതയുടെ 85 ശതമാനവും പരിഹരിക്കുന്നത് പുറത്തുനിന്ന് ഇറക്കുമതി ചെയ്താണ്. നിലവില്‍ ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നില്ല. ഇറാനെതിരെ അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്നതിനാലാണ് ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ വാങ്ങാത്തത്. എന്നാല്‍ സംഘര്‍ഷം കടുത്ത് എണ്ണവിതരണത്തില്‍ തടസ്സം നേരിട്ടാല്‍ ആഗോള തലത്തില്‍ ഇനിയും എണ്ണവില ഉയരും. ഇത് ഇന്ത്യയുടെ ചെലവ് വര്‍ധിക്കാന്‍ ഇടയാക്കും. ഇത് രാജ്യത്ത് ഇന്ധനവില വര്‍ധനയ്ക്ക് കാരണമായേക്കാമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *