Entertainment Kerala News

ചേരയെ ഔദ്യോഗിക ഉരഗമായി പരിഗണിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: കര്‍ഷക മിത്രമായി അറിയപ്പെടുന്ന വിഷമില്ലാത്ത പാമ്പായ ചേരയെ (ഇന്ത്യന്‍ റാറ്റ് സ്നേക്ക്) സംരക്ഷിക്കുന്നതിനായി പുതിയ തുടക്കം. ചേരയെ കേരളത്തിന്റെ ഔദ്യോഗിക ഉരഗം (സ്റ്റേറ്റ് റെപ്ടൈല്‍) ആയി പ്രഖ്യാപിക്കാന്‍ വന്യജീവി വകുപ്പ് ശുപാര്‍ശ ചെയ്തു. ഇന്ന് നടക്കുന്ന സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഈ ശുപാര്‍ശക്ക് അന്തിമ തീരുമാനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളില്‍ നിലവില്‍ ഉള്‍പ്പെടുന്ന ചേര, കൃഷിയിടങ്ങളിലെ എലികളെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതിനാല്‍ കര്‍ഷകരുടെ വിശ്വസ്ത സുഹൃത്തായി പരിഗണിക്കപ്പെടുന്നു. എലികളെ ഭക്ഷിക്കുന്ന ഈ സ്വഭാവം കൊണ്ടാണ് ‘റാറ്റ് സ്നേക്ക്’ എന്ന പേര് ലഭിച്ചത്.

ചേരയുടെ സാന്നിധ്യം വിഷമുള്ള പാമ്പുകളുടെ എണ്ണം കുറയ്ക്കുന്നുവെന്ന കണ്ടെത്തലുകളും, വിഷപ്പാമ്പുകളുടെ കുഞ്ഞുങ്ങളെയും ചേര ഭക്ഷിക്കുന്നതുമാണ് അതിന്റെ പ്രത്യേകതകളായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കൂടാതെ, സംസ്ഥാനത്ത് പാമ്പുകടിയേറ്റ് സംഭവിക്കുന്ന മരണങ്ങളുടെ വര്‍ധനവും ഇത്തരം ഒരു പ്രഖ്യാപനത്തിനുള്ള ആവശ്യം ശക്തിപ്പെടുത്തുന്നതായും വിലയിരുത്തല്‍ ഉണ്ട്.

സംസ്ഥാന പക്ഷി, മൃഗം, മീന്‍ എന്നിവയ്ക്ക് ശേഷം ഇപ്പോള്‍ ഔദ്യോഗിക ഉരഗവുമുണ്ടാകണമെന്ന ആവശ്യത്തിലാണ് സംസ്ഥാന വന്യജീവി ബോര്‍ഡ്.

Leave a Reply

Your email address will not be published. Required fields are marked *