Kerala News

നെൽകർഷകർക്ക് 48 മണിക്കൂറിനുള്ളിൽ പണം നൽകണമെന്ന്: കുമ്മനം രാജശേഖരൻ

തൃശൂർ : നെൽകർഷകർക്ക് നെൽ സംഭരിച്ച് കഴിഞ്ഞാൽ 48 മണിക്കൂറിനുള്ളിൽ പണം നൽകണമെന്ന സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള എം.ഒ.യു പാലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം എന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. നെല്ല് സംഭരണം അടക്കമുള്ള കേരളത്തിലെ നെല്ല് കർഷകരുടെ പ്രശ്‌നങ്ങൾ പഠിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ നിശ്ചയിച്ച മൂന്നംഗ സമിതി തൃശ്ശൂരിൽ സന്ദർശനം നടത്തി കർഷകരുടെ അഭിപ്രായം ശേഖരിച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. എം.ഒ.യുവിനെ കുറിച്ച് കൃഷി മന്ത്രി പ്രതികരിക്കണം.
സംസ്ഥാനത്ത് കർഷകർ വലിയ കെണിയിൽപ്പെട്ടിരിക്കുകയാണ്. കണക്ക് പോലും കേന്ദ്രസർക്കാരിന് കൊടുക്കുന്നില്ല. കർഷകർക്ക് കൊടുക്കേണ്ട പണം വക മാറ്റുകയാണ് ചെയ്യുന്നത്. നിരവധി പ്രശ്‌നങ്ങളാണ് കർഷകർ നേരിടുന്നത്. ഇത് മൂലം രക്ഷപ്പെടുന്നത് മില്ലുകളാണ്. കർഷകരുടെ പ്രശ്‌നം ജനങ്ങളുടെ പ്രശ്‌നമാണ്. ഒരോ വർഷം ചെല്ലുംതോറും ഭക്ഷ്യേത്പാദനം സംസ്ഥാനത്ത് കുറഞ്ഞ് വരികയാണ്. കർഷകരുടെ ക്ഷേമത്തിനായി കർമ്മ പദ്ധതി രൂപീകരിക്കണം. ദേശീയതലത്തിൽ കാർഷിക രംഗം മെച്ചപ്പെടുന്നുണ്ടെങ്കിലും കേരളത്തിൽ അപകടകരമായ അവസ്ഥയിലാണ്. നെല്ല് സംഭരണം കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്നാവശ്യം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദഹം കൂട്ടിചേർത്തു. നാളെ പാലക്കാട് സന്ദർശനം നടത്തുന്ന സംഘം അടുത്ത ദിവസം കുട്ടനാടും മറ്റ് എതാനും ജില്ലകൾ കൂടി സന്ദർശിച്ച ശേഷം കേന്ദ്രമന്ത്രിമാർക്ക് റിപ്പോർട്ട് നൽകുമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. സമിതി അംഗങ്ങളായ സി.കൃഷ്ണകുമാർ, ഷാജി രാഘവൻ, ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്ബ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *