തിരുവനന്തപുരം: വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ല, രജിസ്‌ട്രേഷന്‍ മാത്രം മതിയാകുമെന്ന് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാനും വ്യവസായ സൗഹൃദ പരിസ്ഥിതി ഉറപ്പാക്കാനുമാണ് പുതിയ പരിഷ്‌കരണം.
പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ മാത്രം പരിശോധിക്കുമെന്ന് മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലൈസന്‍സ് ഫീസ് മൂലധന നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. 1996-ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങളില്‍ സമഗ്രമായ പരിഷ്‌കരണമാണ് നടപ്പാക്കുന്നത്.
വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ക്ക് രണ്ട് കാറ്റഗറി:-
കാറ്റഗറി 1 – ഫാക്ടറികള്‍ പോലെയുള്ള വലിയ വ്യവസായ സംരംഭങ്ങള്‍
കാറ്റഗറി 2 – വാണിജ്യ വ്യാപാര സേവന സംരംഭങ്ങള്‍
പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ വൈറ്റ്, ഗ്രീന്‍ കാറ്റഗറിയില്‍ പെടുന്ന ചെറുകിട സംരംഭങ്ങള്‍ക്ക് വീടുകളിലും ലൈസന്‍സ് അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കൂടാതെ, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസില്‍ 60% വരെ കുറവ് വരുത്തിയതും ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ കേരളത്തിന് ഗുണം ചെയ്യുന്നുണ്ട്.
ഒരു സംരംഭത്തിന് ഒരിക്കല്‍ വാങ്ങിയ അനുമതി പുതിയ ഉടമക്ക് കൈമാറാം. സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഫാസ്റ്റ് ട്രാക്ക് ലൈസന്‍സ് പുതുക്കല്‍ നടപ്പാക്കും, അന്നേ ദിവസം തന്നെ അനുമതി പുതുക്കാനാകും.
സംരംഭങ്ങള്‍ക്ക് ബാങ്ക് ലോണ്‍, ജിഎസ്ടി രജിസ്‌ട്രേഷന്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരും. വ്യവസായ മേഖലയിലെ ഈ വലിയ മാറ്റം സംരംഭകത്വത്തിന് വലിയ പ്രോത്സാഹനമായിരിക്കും.





