Kerala News

പിണറായിയേക്കാൾ കൂടുതൽ ജനപിന്തുണ ശൈലജയ്ക്ക്; വനിത മുഖ്യമന്ത്രി വരുമോ? സര്‍വേ ഫലം ചർച്ചയാകുന്നു

തിരുവനന്തപുരം: അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിലെ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ചുള്ള ജനാധിപത്യമനോഭാവം പരിശോധിച്ച അഭിപ്രായ സര്‍വേയില്‍ മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക് പിണറായി വിജയനേക്കാള്‍ കൂടുതൽ ജനപിന്തുണ ലഭിക്കുന്നതായി കണ്ടെത്തൽ. വോട്ട് വൈബ് എന്ന ഏജന്‍സിയാണ് സര്‍വേ നടത്തിയത്.

സര്‍വേയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചത് 17.5% പേരും മാത്രമായിരുന്നപ്പോൾ, ശൈലജ ടീച്ചറെ അനുകൂലിച്ചത് 24.2% പേരാണ്. കണ്ണൂർ സ്വദേശിനിയായ ശൈലജ സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമാണ്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ നിന്നും കെ കെ ശൈലജയെ മാറ്റിനിര്‍ത്തിയത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 5.8 ശതമാനം പേര്‍ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ പി എ മുഹമ്മദ് റിയാസിനെ 5.3 ശതമാനം പേരും പിന്തുണയ്ക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഭര്‍ത്താവ് കൂടിയാണ്, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ മുഹമ്മദ് റിയാസ്.

മുന്‍മന്ത്രിയും സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവും, ആലത്തൂര്‍ എംപിയുമായ കെ രാധാകൃഷ്ണനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് 3.6 ശതമാനം പേര്‍ പിന്തുണയ്ക്കുന്നു. നിലവിലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ രണ്ടു ശതമാനം പേര്‍ മാത്രമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത്. മറ്റുള്ളവര്‍/ അഭിപ്രായം പറയാനില്ല എന്ന് 41. 5 ശതമാനം പേരും സര്‍വേയില്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *