എസ്.എസ്.എൽ.സി പരീക്ഷ സുഗമമായി നടത്തുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നീ മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. കേരളത്തിൽ 2955, ഗൾഫ് മേഖലയിൽ ഏഴ്, ലക്ഷദ്വീപിൽ ഒമ്പത് എന്നിങ്ങനെയാണ് പരീക്ഷാകേന്ദ്രങ്ങൾ.
പുതിയ അദ്ധ്യയനവർഷത്തേക്കുള്ള പാഠപുസ്തക വിതരണം മാർച്ച് 12ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസ്സുകളിലെ കുട്ടികൾക്ക് ആവശ്യമായ 1,43,71,650 പാഠപുസ്തകങ്ങളുടെ അച്ചടിപൂർത്തിയായി. ഈ പാഠപുസ്തകങ്ങളിൽ ഇംഗ്ലീഷ് മീഡിയം, തമിഴ് മീഡിയം, കന്നഡ മീഡിയം എന്നിവ ഉൾപ്പെടും. ഇതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മാർച്ച് 12ന് തിരുവനന്തപുരം കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കും. പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ചുള്ള ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലെ കുട്ടികൾക്ക് ആവശ്യമായ 2,09,72,250 പാഠപുസ്തകങ്ങളുടെ അച്ചടി മെയ് മാസം ആദ്യ ആഴ്ച പൂർത്തിയാകും. വിതരണോദ്ഘാടനം മെയ് പത്തിനുള്ളിൽ നടക്കും.
സമഗ്രശിക്ഷാ കേരളം 2023-2024 സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാലയങ്ങളിൽ പഠനോത്സവം സംഘടിപ്പിക്കുകയാണെന്നും മന്ത്രി അറിയിച്ചു. പഠനോത്സവത്തിൽ തുടങ്ങി പ്രവേശനോത്സവം വരെ എത്തുന്ന വിപുലമായ വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടാണ് വിദ്യാലയങ്ങളിൽ ഇത്തവണ പഠനോത്സവം സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 11ന് തിരുവനന്തപുരം പൂജപ്പുര യു.പി.എസ്സിൽ നടക്കും. സ്റ്റാർസ് പദ്ധതി ആരംഭിച്ചിട്ടുള്ള സംസ്ഥാനങ്ങളുടെ ഡീസെൻഡ്രലൈസിഡ് പ്ലാനിംഗ് ആന്റ് ഫിനാൻഷ്യൽ മാനേജ്മെന്റ് വർക്ക്ഷോപ്പ് മാർച്ച് ആറ് മുതൽ എട്ട് വരെ കേരളത്തിൽ നടക്കും. സ്റ്റാർസ് പദ്ധതി നിലവിലുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള പ്രതിനിധികളും കേരളത്തിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്ന വർക്ക്ഷോപ്പ് തിരുവനന്തപുരത്താണ് സംഘടിപ്പിക്കുന്നത്.
ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികളുടെ മാതൃഭാഷാ ശേഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മലയാള മധുരം നടത്തുന്നത്. കുട്ടികൾക്ക് സ്വതന്ത്രമായി വായിക്കാൻ കഴിയുന്ന പുസ്തകങ്ങൾ ലഭ്യമാക്കുകയും അവ കുട്ടികൾ വായിക്കുന്നുവെന്ന് ഉറപ്പാക്കാൻ അധ്യാപകർ വഴി പിന്തുണ നൽകുകയും ചെയ്യുകയാണ് മലയാള മധുരം വഴി ലക്ഷ്യമിടുന്നത്. 9110 സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു സ്കൂളിൽ 80 പുസ്തകവും അത് സൂക്ഷിക്കാനുള്ള റാക്കും നൽകും.
കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പദ്ധതിനിർവഹണത്തിൽ മികവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത മൂന്ന് ബസ്റ്റ് പെർഫോമിങ് സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നും മന്ത്രി അറിയിച്ചു.