ഇരിങ്ങാലക്കുട: ചെറുകിട നഗര സംരംഭകരെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി, പി.എം. സ്വനിധി (PM SVANidhi) പദ്ധതിയുടെ കീഴിലുള്ള ലോക് കല്യാൺ മേള ഇരിങ്ങാലക്കുട നഗരസഭയിൽ വിജയകരമായി സംഘടിപ്പിച്ചു. ഭക്ഷ്യോത്പാദന, വിതരണ മേഖലകളിൽ പ്രവർത്തിക്കുന്ന ഗുണഭോക്താക്കൾക്കായി “വൃത്തിയും ഭക്ഷ്യസുരക്ഷയും” എന്ന വിഷയത്തിൽ പ്രത്യേക പരിശീലനവും മേളയിൽ നടന്നു.
നഗരസഭയുടെ ദേശീയ നഗര ഉപജീവന ദൗത്യം (NULM) ടീമിന്റെ നേതൃത്വത്തിൽ കുടുംബശ്രീയിലെ ഗുണബോക്താക്കൾക്കായി സെപ്റ്റംബർ 29 തിങ്കളാഴ്ച രാവിലെ 9.45-ന് വ്യാപാരിഭവൻ ഹാളിലായിരുന്നു പരിപാടി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) യുമായി സഹകരിച്ചാണ് പരിശീലനം ഒരുക്കിയത്.
നഗരസഭ ചെയർപേഴ്‌സൺ ശ്രീമതി. മേരിക്കുട്ടി ജോയ് മേള ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ശ്രീ. ബൈജു കുട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. 120 പേർ പങ്കെടുത്തു
ഭക്ഷ്യമേഖലയിലെ 120 ഗുണഭോക്താക്കൾക്കായാണ് FSSAI പരിശീലനം നൽകിയത്. രണ്ട് ബാച്ചുകളായി നടത്തിയ പരിശീലനത്തിൽ, സംരംഭകർ പാലിക്കേണ്ട ശുചിത്വ നിയമങ്ങൾ, ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതമായ കൈകാര്യം ചെയ്യൽ, ആരോഗ്യകരമായ വിൽപ്പന രീതികൾ എന്നിവയെക്കുറിച്ച് വിശദമായ ക്ലാസുകൾ നൽകി. ഇത് സംരംഭകരുടെ ഉൽപ്പന്നങ്ങളുടെ നിലവാരം ഉറപ്പാക്കാൻ സഹായിക്കും.
പദ്ധതി വിശദീകരണവും ഭാവിയും പി.എം. സ്വനിധി പദ്ധതിയുടെ ആനുകൂല്യങ്ങൾ, വായ്പാ അപേക്ഷ സമർപ്പിക്കേണ്ട ഘട്ടങ്ങൾ, നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും മേളയിൽ ഗുണഭോക്താക്കളുമായി പങ്കുവെച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി. ഫെനി അബിൻ വെള്ളാനിക്കാരൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി. അംബിക പള്ളിപ്പുറത്ത്, കുടുംബശ്രീ ചെയർപേഴ്സൺമാരായ ശ്രീമതി. പുഷ്പവതി, ശ്രീമതി. ഷൈലജ ബാലൻ, കൗൺസിലർ ആൽഫോൺസ തോമസ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ഭക്ഷ്യസുരക്ഷാ ഓഫീസർ രാജി നന്ദി പ്രകാശിപ്പിച്ചു.
വരും ദിവസങ്ങളിൽ കൂടുതൽ പേരെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി വായ്പാ അപേക്ഷാ നടപടികൾ ഊർജ്ജിതപ്പെടുത്തുമെന്നു മുൻസിപ്പൽ സെക്രട്ടറി ശ്രീ ഷാജിക്ക് എം എച് അറിയിച്ചു. കൂടാതെ, ഗുണഭോക്താക്കളുടെ സാമൂഹിക-സാമ്പത്തിക വിവരങ്ങൾ ശേഖരിക്കുന്നതും ഡിജിറ്റൽ ഇടപാടുകളിലേക്ക് മാറുന്നതിനുള്ള സഹായങ്ങൾ നൽകുന്നതും തുടരുന്നതാണ്.





