പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ശബരിമലയില്‍ ഭക്തജനത്തിരക്ക്. മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളിലേക്ക് കടന്നതോടെയാണ് തീര്‍ഥാടകരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നത്. പതിനെട്ടാംപടി കയറാനുള്ള ക്യൂ കിലോമീറ്റര്‍ അകലെ ശരംകുത്തിക്കു സമീപം വരെ നീണ്ടു. പൊലീസിന്റെ കണക്ക് അനുസരിച്ച് രാവിലെ 8 വരെ 33,624 പേര്‍ ദര്‍ശനം നടത്തി. സ്‌കൂളുകളില്‍ ക്രിസ്മസ് അവധിയാകുന്നതോടെ തിരക്ക് ഇനിയും കൂടും.
കാനനപാതകളിലും തിരക്കേറി. പുല്ലുമേട് പാതയിലാണ് ഏറ്റവും കൂടുതല്‍ തിരക്ക്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് പുല്ലുമേട് വഴി 87,128 പേര്‍ സന്നിധാനത്ത് എത്തി. കരിമല വഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ ഇന്നലെ വരെ 49,666 പേരാണ് എത്തിയത്.





