ന്യൂഡൽഹി: കഴിഞ്ഞ നാല് വർഷത്തിനിടെ (2021–2025) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്കായി സർക്കാർ ചെലവഴിച്ചത് 462.58 കോടി രൂപയെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഈ കാലയളവിൽ 43 രാജ്യങ്ങളിലായി നിരവധി തവണ സന്ദർശനം നടത്തിയ പ്രധാനമന്ത്രി, ഏറ്റവും കൂടുതൽ ചിലവഴിച്ചത് അമേരിക്കൻ യാത്രകൾക്കാണ്. മൊത്തം ചിലവിന്റെ 16 ശതമാനത്തോളം—ഏകദേശം 74.4 കോടി രൂപ—അമേരിക്കയിലേക്കുള്ള നാല് സന്ദർശനങ്ങൾക്കായി ചെലവായി. ജപ്പാനും ഫ്രാൻസും ചിലവിൽ അടുത്ത സ്ഥാനങ്ങളിലാണ്; ഓരോ രാജ്യത്തിനും ഏകദേശം 9 ശതമാനം വീതം തുക ചിലവായി. 2025 ഫെബ്രുവരിയിൽ ഫ്രാൻസിലേക്ക് നടത്തിയ സന്ദർശനത്തിനാണ് ഒറ്റത്തവണയായി ഏറ്റവും കൂടുതൽ ചെലവ്—25.5 കോടി രൂപ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആക്ഷൻ സമ്മിറ്റിലും മാഴ്സെയിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്യുന്നതിനുമായി നടന്ന ഫ്രാൻസ് യാത്ര ശ്രദ്ധേയമായിരുന്നു. 2023 ജൂണിലെ അമേരിക്കൻ സന്ദർശനത്തിന് 22.8 കോടി രൂപയും 2021 സെപ്റ്റംബർ യാത്രയ്ക്ക് 19.6 കോടി രൂപയും ചിലവായി; ക്വാഡ് ഉച്ചകോടിയും ഐക്യരാഷ്ട്രസഭയിലെ പ്രസംഗവും പ്രധാന ലക്ഷ്യങ്ങളായിരുന്നു. യുഎസ്, യുഎഇ, ജപ്പാൻ എന്നീ രാജ്യങ്ങൾ നാലുതവണ വീതം സന്ദർശിച്ചപ്പോൾ ഫ്രാൻസിൽ മൂന്ന് തവണയും യുകെ, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ രണ്ട് തവണ വീതവും സന്ദർശനം നടത്തി. നയതന്ത്രബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങളായാണ് സർക്കാർ വിശദീകരണം നൽകിയിട്ടുള്ളത്. എന്നാൽ വലിയ തുകയിലെ യാത്രാചെലവുകൾക്കെതിരെ പ്രതിപക്ഷം മുൻപും വിമർശനം ഉയർത്തിയിട്ടുണ്ട്.





