Kerala News

പൊതുവിദ്യാലയങ്ങളുടെ മികവിന് വേദി; ‘കൈറ്റ് ഹരിതവിദ്യാലയം 4.0’ ഗ്രാൻഡ് ഫിനാലെ നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ മികവും പുതുമയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോയായ ‘കൈറ്റ് ഹരിതവിദ്യാലയം 4.0’-യുടെ ഗ്രാൻഡ് ഫിനാലെ നാളെ (ഫെബ്രുവരി 28) നടക്കും. കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന പരിപാടി തിരുവനന്തപുരം നേമത്തുള്ള അൽ-സാജ് കൺവെൻഷൻ സെന്ററിൽ വൈകിട്ട് 3 മണിക്ക് ആരംഭിക്കും.

പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും.

മൗലികവും വ്യത്യസ്തവുമായ പ്രവർത്തനങ്ങളിലൂടെ മികവ് തെളിയിച്ച വിദ്യാലയങ്ങളെയും വിദ്യാർത്ഥികളെയും ആദരിക്കുന്ന ഈ മത്സരത്തിൽ ആകെ 50 ലക്ഷം രൂപയുടെ സമ്മാനത്തുകയും ഐ.സി.ടി ഉപകരണങ്ങളും നൽകും. പ്രൈമറി, സെക്കന്ററി-ഹയർ സെക്കന്ററി വിഭാഗങ്ങളിൽ ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടുന്ന വിദ്യാലയങ്ങൾക്കൊപ്പം സ്‌പെഷ്യൽ ജൂറി അവാർഡും ഫൈനലിസ്റ്റ് പുരസ്‌കാരങ്ങളും പ്രഖ്യാപിക്കും.

ഷോയിൽ പങ്കെടുത്ത രണ്ടുലക്ഷത്തോളം കുട്ടികളിൽ നിന്ന് മികച്ച പ്രകടനം കാഴ്ചവെച്ച 16 വിദ്യാർത്ഥികൾക്കും പ്രത്യേക സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ 825 വിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 86 സ്കൂളുകളാണ് ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ ഒന്നാം റൗണ്ടിൽ മത്സരിച്ചത്. അവയിൽ നിന്ന് രണ്ടാം റൗണ്ടിലേക്ക് കടന്ന 26 സ്കൂളുകളിൽ നിന്നാണ് ജേതാക്കളെ പ്രഖ്യാപിക്കുക.

പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ, കൈറ്റ് സി.ഇ.ഒ  കെ. അൻവർ സാദത്ത് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ഗ്രാൻഡ് ഫിനാലെ കൈറ്റ് വിക്ടേഴ്‌സ് ചാനലിലും അതിന്റെ പോർട്ടൽ, ഫേസ്ബുക്ക്, യൂട്യൂബ് പ്ലാറ്റ്ഫോമുകളിലും തത്സമയം സംപ്രേഷണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *