Kerala News

ഗുരുവായൂർ ആനയോട്ടം: കൊമ്പൻ രവി കൃഷ്ണൻ ഒന്നാമത്

ഗുരുവായൂർ ക്ഷേത്ര ഉൽസവത്തിൻ്റെ പ്രാരംഭമായ ആനയോട്ടം ചടങ്ങിൽ കൊമ്പൻ രവി കൃഷ്ണൻ ഒന്നാമതെത്തി.നാലു വർഷത്തിനിടെ രണ്ടാം തവണയാണ് രവി കൃഷ്ണൻ്റെ ഈ നേട്ടം. ബാലുവിനാണ് രണ്ടാം സ്ഥാനം. കൃഷ്ണ നാരായണൻ മൂന്നാമത് ഓടിയെത്തി ചടങ്ങ് പൂർത്തിയാക്കി.

ഉച്ച തിരിഞ്ഞ് കൃത്യം മൂന്നു മണിക്ക് ക്ഷേത്രത്തിൽ നാഴിക മണി മൂന്ന് അടിച്ചതോടെ ആനകൾക്ക് അണിയിക്കാനുള്ള കുടമണികൾ പാരമ്പര്യ അവകാശികളിൽ നിന്നും ഏറ്റു വാങ്ങി പാപ്പാൻമാർ മഞ്ചുളാൽ പരിസരത്ത് തയ്യാറായി നിൽക്കുന്ന ആനകളുടെ അടുത്തേക്ക് ഓടിയെത്തി. മണികൾ ആനകൾക്ക് അണിയിച്ചതോടെ മാരാർ ശംഖ് ഊതി .അറിയിപ്പ് കിട്ടിയതോടെ കൊമ്പൻമാരായ രവി കൃഷ്ണനും ബാലുവും കൃഷ്ണ നാരായണനും ക്ഷേത്രം ലക്ഷ്യമാക്കി ഓടി. കൊമ്പൻ രവി കൃഷ്ണൻ ഒന്നാമനായി എത്തി ക്ഷേത്രഗോപുരം കടന്നു ഗുരുവായൂരപ്പ സവിധത്തിലെത്തി ഭഗവദ് കടാക്ഷം നേടി. പിന്നാലെ ബാലുവും കൃഷ്ണ നാരായണനുമെത്തി. ഇനിയുള്ള ഉൽസവ നാളുകളിൽ ഗുരുവായൂരപ്പൻ്റെ സ്വർണ്ണ തിടമ്പേറ്റി ശീവേലി എഴുന്നള്ളിക്കാനുള്ള സൗഭാഗ്യം രവി ക്യഷ്ണനാണ്.

ആനയോട്ട ചടങ്ങ് സുരക്ഷിതമായി നടത്താൻ ദേവസ്വം നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ തയ്യാറെടുപ്പ് നടത്തിയിരുന്നു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ശ്രീ.എൻ.കെ.അക്ബർ എം എൽ എ, നഗരസഭാധ്യക്ഷ ശ്രീമതി സുനിത അരവിന്ദൻ , ദേവസ്വം ഭരണസമിതി അംഗങ്ങളായ ശ്രീ.സി.മനോജ്, ശ്രീ.കെ.പി.വിശ്വനാഥൻ, ശ്രീ.മനോജ് ബി നായർ, ശ്രീ.കെ .എസ് ബാലഗോപാൽ , അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ ആനയോട്ടംചടങ്ങ് ആരംഭിച്ച മഞ്ജുളാൽ പരിസരത്ത് സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *