വിടവാങ്ങിയ ഭാവഗായകൻ പി ജയചന്ദ്രന് ഇരിങ്ങാലക്കുട സ്മരണാഞ്ജലി അർപ്പിച്ചു. ആയുസ്സ് മുഴുവനും സംഗീതാർച്ചനയായി ജീവിച്ച പ്രിയഗായകന്റെ ഓർമ്മകൾ പങ്കിട്ട് സംഗീതാസ്വാദകരുൾപ്പെട്ട ജനാവലി ക്രൈസ്റ്റ് കോളേജിലെ തെക്കനച്ചൻ ഹാളിൽ ഒത്തുചേർന്നു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ സംഗീത സംവിധായകൻ ശ്രീ. ഔസേപ്പച്ചൻ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.
വാക്കുകൾക്കും അക്ഷരങ്ങൾക്കും ജയചന്ദ്രൻ നൽകിയ ഗാനഭാവം അനനുകരണീയമാണെന്നും മലയാളത്തിന്റെ ഗാനാലാപന കലയെ സാമാന്യ ജനങ്ങളിലെത്തിക്കുന്നതിലെ അദ്ദേഹത്തിന്റെ സംഭാവനകൾ നിസ്‌തുലമാണെന്നും ഔസേപ്പച്ചൻ പറഞ്ഞു. എഴുത്തുകാരൻ ഖാദർ പട്ടേപ്പാടം അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
പി കെ ഭരതൻ മാസ്റ്റർ, എം പി ജാക്സൺ, കെ ശ്രീകുമാർ, ഡോ. സി കെ രവി, രേണു രാമനാഥ്, സജു ചന്ദ്രൻ, ഫാ. ജോയ് പീണിക്കപറമ്പിൽ, പ്രേം ലാൽ, ആനന്ദ് മധുസൂദനൻ, നൗഷാദ്, ഇന്നസെന്റ് സോണറ്റ്, അഡ്വ. കെ ജി അജയകുമാർ, ഫാ. ജോളി ആൻഡ്രൂസ്, കൃപേഷ് ചെമ്മണ്ട എന്നിവർ സംസാരിച്ചു. നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് സ്വാഗതവും കൂടൽമാണിക്യം ദേവസ്വം ചെയർമാൻ സി കെ ഗോപി നന്ദിയും പറഞ്ഞു.





