കൊച്ചി: നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയില് സംവിധായകന് ബി ഉണ്ണികൃഷ്ണനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.ബി ഉണ്ണികൃഷ്ണന്‍ തൊഴില്‍ മേഖലയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയതായും പരാതിയില്‍ പറയുന്നു. സാന്ദ്രാ തോമസിനോട് സഹകരിക്കരുതെന്ന് മറ്റുളളവരോട് ആവശ്യപ്പെട്ടു. കേസില് നിര്‍മ്മാതാവ് ആന്റോ ജോസഫിനെ രണ്ടാം പ്രതിയാക്കി.
ഹേമ കമ്മറ്റിക്ക് മുന്നില് മൊഴി നല്‍കിയതിന്റെ പേരില് വൈരാഗ്യ നടപടി എടുക്കുകയും സിനിമാ മേഖലയില് തന്നെ മാറ്റിനിര്‍ത്തുകയുമായിരുന്നു എന്ന് സാന്ദ്രയുടെ പരാതിയില് പറയുന്നു. തൊഴില്‍ സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിന്റെയും മറ്റും സംബന്ധിച്ച ആക്ഷേപങ്ങളും പരാതിയില് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സാന്ദ്ര തോമസ് സിനിമ നിര്‍മ്മാതാക്കളുടെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനിടയില്, ലൈംഗിക പീഡന പരാതിയില് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഈ സംഭവത്തെ തുടര്‍ന്ന് സാന്ദ്രയെ സംഘടനയില് നിന്ന് പുറത്താക്കുകയും, ഇതിനെതിരെ സാന്ദ്ര കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. പിന്നീട്, സാന്ദ്രയെ പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്യുകയും ചെയ്തു.
സാന്ദ്രയുടെ പുതിയ പരാതിയുടെ അടിസ്ഥാനത്തില് കോടതി നിര്‍ദ്ദേശ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.





