തെഹ്‌റാൻ: യുഎസ്–ഇസ്രയേൽ ആക്രമണങ്ങൾ ശക്തമായി തുടരുന്നതിനിടയിൽ തെക്കൻ ഇറാനിൽ ഭൂകമ്പം അനുഭവപ്പെട്ടു. ഗെരാഷ് മേഖലയിൽ റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 10 കിലോമീറ്റർ ആഴത്തിൽ ഉണ്ടായ ഭൂകമ്പത്തിൽ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിലാണ് ഭൂചലനം ഉണ്ടായത്.
ഇതിനിടെ ഇറാനിയൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങൾ ശക്തമായി തുടരുകയാണ്. തെഹ്റാനിൽ നിന്ന് ഏകദേശം 800 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കെർമൻ വ്യോമതാവളത്തിൽ നടന്ന ആക്രമണത്തിൽ കുറഞ്ഞത് 13 ഇറാനിയൻ സൈനികർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈനിക ഹെലികോപ്റ്ററുകൾ നിലയുറപ്പിച്ചിരുന്ന താവളമാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്നാണ് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നത്. മേഖലയിൽ സുരക്ഷാ ആശങ്കകൾ തുടരുകയാണ്.





