അങ്കമാലി-എരുമേലി ശബരി റെയില്‍ പദ്ധതിക്കുള്ള തടസങ്ങള്‍ നീങ്ങിയെന്ന് കേന്ദ്രം. ഭൂമി എറ്റെടുക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പെട്ടെന്ന് തന്നെ നടപ്പിലാക്കുമെന്ന് റെയില്‍വേ മന്ത്രാലയം ഹൈക്കോടതിയില്‍ അറിയിച്ചു. 3810 കോടി രൂപയോളം ചെലവ് വരുന്ന പദ്ധതി വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്ന് സതേണ്‍ റെയില്‍വേയുടെ നിര്‍മ്മാണ വിഭാഗം ചുമതലവഹിക്കുന്ന ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
പദ്ധതിയുടെ ആകെ ചെലവിൻ്റെ പകുതി തുകയായ 1900 കോടി രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമായിരുന്നു. ഇതോടെയാണ് മുടങ്ങിക്കിടന്ന പദ്ധതിക്ക് പുതുജീവനേകിയത്. കിഫ്ബിയില്‍ നിന്ന് അമ്പത് ശതമാനം തുകയും നല്‍കുമെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കത്തും ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇതോടെ കേന്ദ്ര നിലപാട് രേഖപ്പെടുത്തി ഹൈക്കോടതി പൊതുതാല്‍പര്യ ഹര്‍ജി നടപടികള്‍ അവസാനിപ്പിച്ചു.
മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശബരി റെയില്‍പ്പാത പദ്ധതി പ്രഖ്യാപിച്ചത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ വന്നതോടെ പദ്ധതി മരവിപ്പിക്കാന്‍ കേന്ദ്രം തയ്യാറാകുകയായിരുന്നു. 111 കിലോമീറ്റര്‍ ദൂരമുള്ള ഈ റെയില്‍പാത പദ്ധതി 1997ലെ കേന്ദ്ര റെയില്‍വേ ബജറ്റിലാണ് അവതരിപ്പിച്ചത്. പിന്നീട് അങ്കമാലി മുതല്‍ കാലടി വരെയുള്ള 8 കിലോമറ്റര്‍ പൂര്‍ത്തീകരിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ് ഈ പദ്ധതി.





