നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് വെല്ലുവിളിയായി അപരന്മാര്‍. കളമശ്ശേരിയില്‍ പി രാജീവിനും, നേമത്ത് രാജീവ് ചന്ദ്രശേഖറിനും പറവൂരില്‍ വിഡി സതീശനും വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനും അപരന്മാരുണ്ട്. കൈതാരം സ്വദേശി കെബി സതീശന്‍ ആണ് വിഡി സതീശന്റെ അപരന്‍. ബിനാനിപുരം സ്വദേശി രാജീവ് ആണ് പി രാജീവിന്റെ അപര എതിരാളി. കെ മുരളീധരന് രണ്ട് അപരന്മാരാണുള്ളത്. പി മുരളീധരനും എന്‍ മുരളിയും. സ്റ്റീഫന്‍ എന്ന പേരുള്ള വ്യക്തിയെ തന്നെയാണ് അരുവിക്കരയില്‍ ജി സ്റ്റീഫന് അപരനായി ലഭിച്ചത്. കെ മുരളീധരനെ പോലെ വിഎസ് ശിവകുമാറിനുമുണ്ട് രണ്ട് അപരന്മാര്‍. രണ്ട് ശിവകുമാര്‍മാരും ഇന്നലെ നാമനിര്‍ദേശപത്രികയും സമര്‍പ്പിച്ചു
ഇരവിപുരത്ത് എം നൗഷാദിന്റെ അപരന്‍ നൗഷാദ് എ നാമനിര്‍ദേശ പത്രിക ഇന്നലെ സമര്‍പ്പിച്ചിരുന്നു. കെബി ഗണേഷ് കുമാറിന് അപരനായി ഗണേഷ് കുമാറും പത്രിക നല്‍കി. ജ്യോതികുമാര്‍ ചാമക്കാലയുടെ അപരനായി എം ജ്യോതികുമാറും പത്രിക നല്‍കി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടിഎന്‍ പ്രതാപനുമുണ്ട് അപര സ്ഥാനാര്‍ത്ഥി. പ്രതാപന്‍ എന്ന പേരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണത്. തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാജന്‍ ജെ പല്ലന് രാജന്‍ എന്ന അപരനാണ് മത്സര രംഗത്തുള്ളത്.





