മരണത്തിൻ്റെ തണുപ്പുള്ള കയങ്ങളിലേക്ക് താഴ്ന്നുപോകുമ്പോഴും, ഒരു നിമിഷം ആ അമ്മ ചിന്തിച്ചിട്ടുണ്ടാകാം, താൻ മാത്രം രക്ഷപ്പെട്ടിട്ട് എന്തിനാണെന്ന്. ജബൽപൂരിലെ ബർഗി ഡാമിൽ വിനോദയാത്രയ്ക്കിടെയുണ്ടായ ബോട്ട് അപകടം വെറുമൊരു ദുരന്തവാർത്തയല്ല, അത് ലോകത്തെ ഏറ്റവും വലിയ സ്നേഹത്തിൻ്റെ അവസാന പോരാട്ടം കൂടിയാണ്.
രക്ഷാപ്രവർത്തകർ വെള്ളത്തിനടിയിൽ നിന്നും ആ മൃതദേഹങ്ങൾ കണ്ടെടുത്തപ്പോൾ കണ്ട കാഴ്ച കണ്ടുനിന്നവരുടെ ചങ്കുപിളർക്കുന്നതായിരുന്നു. പ്രാണൻ പോയിട്ടും തൻ്റെ മകനെ നെഞ്ചോട് ചേർത്തുപിടിച്ച ആ കൈകൾ അയഞ്ഞിരുന്നില്ല. താൻ ധരിച്ചിരുന്ന ലൈഫ് ജാക്കറ്റിനുള്ളിൽ മകനെ പൊതിഞ്ഞുപിടിച്ച്, അവന് സുരക്ഷിതമായൊരു കവചമൊരുക്കി ആ അമ്മ മരണത്തെ നേരിട്ടു. ലൈഫ് ജാക്കറ്റിൻ്റെ സഹായത്താൽ ഒരുപക്ഷേ അവർക്ക് മാത്രം രക്ഷപ്പെടാമായിരുന്നു, പക്ഷേ മകനില്ലാത്തൊരു ലോകത്തേക്ക് തിരികെ വരാൻ ആ മനസ്സ് അനുവദിച്ചില്ല.
തൻ്റെ ശ്വാസം നിലയ്ക്കുമ്പോഴും മകൻ്റെ ഓരോ ശ്വാസത്തിനും കാവലിരുന്ന ഈ അമ്മ, മാതൃത്വത്തിന് പുതിയൊരു നിർവ്വചനം നൽകിയാണ് മടങ്ങിയത്. മരണത്തിന് പോലും വേർപെടുത്താനാകാത്ത സ്നേഹത്തിന് മുന്നിൽ പ്രണാമം





