ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ശക്തിയും സായുധ സേനയുടെ കൃത്യതയും തെളിയിച്ച ചരിത്രപരമായ ദൗത്യമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് എക്‌സിൽ പങ്കുവെച്ച സന്ദേശത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. പഹൽഗാം ആക്രമണത്തിന് പിന്നാലെ അതിർത്തിക്കപ്പുറമുള്ള ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ നടപടിയിൽ സായുധ സേനയും രഹസ്യാന്വേഷണ ഏജൻസികളും രാഷ്ട്രീയ നേതൃത്വവും ഒരുമിച്ച് പ്രവർത്തിച്ചതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ശത്രുക്കൾ എവിടെ ഒളിച്ചിരുന്നാലും രക്ഷപ്പെടാനാകില്ലെന്ന ശക്തമായ സന്ദേശമാണ് ഈ ദൗത്യം നൽകിയതെന്നും അമിത് ഷാ വ്യക്തമാക്കി. രാജ്യത്തിൻ്റെ സായുധ സേനയുടെ അതുല്യമായ ധീരതയ്ക്ക് അദ്ദേഹം അഭിവാദ്യം അർപ്പിക്കുകയും ചെയ്തു.





