India International News

നെതർലൻഡ്സിലെ പ്രസിദ്ധ ജലനിയന്ത്രണ സംവിധാനമായ അഫ്‌സ്ലൗട്ട്‌ഡൈക്ക് സന്ദർശിച്ച് പ്രധാനമന്ത്രി മോദി

നെതർലൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റനോടൊപ്പം ലോകപ്രശസ്ത ജലനിയന്ത്രണ സംവിധാനമായ അഫ്‌സ്ലൗട്ട്‌ഡൈക്ക് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

ജലനിയന്ത്രണം, കാലാവസ്ഥാ പ്രതിരോധം, സുസ്ഥിര അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ ഇന്ത്യയും നെതർലൻഡ്സും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാകുന്നതിൻ്റെ ഭാഗമായാണ് സന്ദർശനം.

32 കിലോമീറ്റർ നീളമുള്ള അണക്കെട്ടും റോഡ് പാതയും ഉൾക്കൊള്ളുന്ന സംവിധാനമാണ് അഫ്‌സ്ലൗട്ട്‌ഡൈക്ക്. ഉത്തരസമുദ്രത്തിൽ നിന്നുള്ള വെള്ളപ്പൊക്ക ഭീഷണിയിൽ നിന്ന് നെതർലൻഡ്സിൻ്റെ വലിയ ഭാഗങ്ങളെ ഈ പദ്ധതി സംരക്ഷിക്കുന്നു. കൂടാതെ ശുദ്ധജല സംഭരണത്തിനും ഈ സംവിധാനം സഹായകരമാണ്.

സന്ദർശനത്തിനിടെ നെതർലൻഡ്സിലെ ഈ പദ്ധതിയുമായി ഗുജറാത്തിലെ കൽപസാർ പ്രോജക്ട് പദ്ധതിയുടെ സാമ്യങ്ങളും നേതാക്കൾ ചർച്ച ചെയ്തു. ഖംബാത്ത് ഉൾക്കടലിൽ ശുദ്ധജല സംഭരണി സൃഷ്ടിക്കുന്നതോടൊപ്പം തിരമാല വൈദ്യുതി ഉത്പാദനം, ജലസേചനം, ഗതാഗത സൗകര്യങ്ങൾ എന്നിവയും ഉൾക്കൊള്ളുന്നതാണ് കൽപസാർ പദ്ധതി.

കൽപസാർ പദ്ധതിയിൽ സാങ്കേതിക സഹകരണത്തിനായി ഇന്ത്യയുടെ ജൽ ശക്തി മന്ത്രാലയവും നെതർലൻഡ്സിൻ്റെ ഇൻഫ്രാസ്ട്രക്ചർ ആൻഡ് വാട്ടർ മാനേജ്മെൻ്റ് മന്ത്രാലയവും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.

ഹൈഡ്രോളിക് എൻജിനീയറിംഗിൽ നെതർലൻഡ്സിനുള്ള വൈദഗ്ധ്യവും വൻതോതിലുള്ള പദ്ധതികൾ നടപ്പാക്കുന്നതിൽ ഇന്ത്യയ്ക്കുള്ള കഴിവും ചേർന്നാൽ പരസ്പര പ്രയോജനകരമായ സഹകരണ സാധ്യതകൾ വർധിക്കുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *