അരുണാചൽ പ്രദേശിൻ്റെ തലസ്ഥാന നഗരമായ ഇറ്റാനഗറിൽ ബൈസൻ ഇനത്തിൽപ്പെട്ട മൃഗങ്ങളുടെ വാണിജ്യ അറവ് നിരോധിച്ചു ഭരണകൂടം ഉത്തരവിറക്കി. ഉത്തരവ് ലംഘിക്കുന്നവർക്ക് കർശന നടപടിയും പിഴയും ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഡെപ്യൂട്ടി കമ്മീഷണർ ടോകോ ബാബുവാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. 1989ലെ കാർഷിക ഉൽപ്പന്ന വിപണന നിയന്ത്രണ നിയമവും 1955ലെ അവശ്യവസ്തു നിയമവും ചൂണ്ടിക്കാട്ടിയാണ് നടപടി.
കാർഷിക ഉൽപ്പന്ന വിപണന സമിതി (APMC) ചെയർപേഴ്സൺ കൂടിയായ ടോകോ ബാബു, അനധികൃതമായി മിഥുൻ (കാട്ടി, ബൈസൻ) അറക്കുന്നവർക്ക് 20,000 രൂപ പിഴ ചുമത്തുമെന്ന് അറിയിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സാംസ്കാരികവും സാമ്പത്തികവുമായ ജീവിതത്തിൽ പ്രധാന സ്ഥാനമുള്ള മൃഗമാണ് മിഥുൻ. പ്രത്യേകിച്ച് അരുണാചൽ പ്രദേശ് സംസ്ഥാനത്തിൽ മിഥുൻ പരമ്പരാഗത പ്രാധാന്യമുള്ള മൃഗമായി കണക്കാക്കപ്പെടുന്നു.





