ലാവോസ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ തോങ്‌സവാൻ ഫോംവിഹാനെ ബുധനാഴ്ച രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു.
ഇന്ത്യയിലേക്കുള്ള ആദ്യ സന്ദർശനത്തിനായി എത്തിയ ഫോംവിഹാനെയെ സ്വാഗതം ചെയ്ത രാഷ്ട്രപതി, ബുദ്ധമതവും രാമായണ പാരമ്പര്യവും വഴി ഇന്ത്യയും ലാവോസും പങ്കിടുന്ന അടുത്ത സാംസ്കാരിക ബന്ധം എടുത്തുപറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിതമായതിൻ്റെ 70-ാം വാർഷികമാണ് ഈ വർഷം ആഘോഷിക്കുന്നതെന്നും അവർ പറഞ്ഞു.
2024 ഒക്ടോബറിൽ ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലാവോസ് സന്ദർശിച്ചപ്പോൾ നിരവധി കരാറുകൾ ഒപ്പുവെച്ചതും അതുവഴി ഉഭയകക്ഷി സഹകരണത്തിന് പുതുജീവൻ ലഭിച്ചതും രാഷ്ട്രപതി ഓർമ്മിപ്പിച്ചു.
ഇന്ത്യ-ലാവോസ് വ്യാപാരവും നിക്ഷേപ സഹകരണവും കൂടുതൽ വികസിപ്പിക്കാനുള്ള വലിയ സാധ്യതയുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. വിവര-സമ്പർക്ക സാങ്കേതികവിദ്യ, ആരോഗ്യം, കൃഷി, ജലസേചനം, നിർമ്മാണം, പുനരുപയോഗ ഊർജം, വൈദ്യുതി തുടങ്ങിയ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാൻ ഇന്ത്യ തയ്യാറാണെന്നും അവർ അറിയിച്ചു.
ഇരു രാജ്യങ്ങളുടെയും വികസന പങ്കാളിത്തം കൂടുതൽ ശക്തിപ്പെട്ടതായി ഇരുനേതാക്കളും വിലയിരുത്തുകയും അടുത്ത സഹകരണം ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് വലിയ ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.





