ബിജെപി ഭരിക്കുന്ന ഗുജറാത്ത് രാജ്യത്തേക്കുള്ള മയക്കുമരുന്ന് കടത്തിൻ്റെ പ്രധാന പ്രവേശന കവാടമായി മാറിയെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ ആരോപിച്ചു.
പഞ്ചാബ് സ്റ്റേറ്റ് ട്രേഡേഴ്‌സ് കമ്മീഷൻ യോഗത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആം ആദ്മി പാർട്ടി പഞ്ചാബിൽ അധികാരത്തിലെത്തിയപ്പോൾ 70 ശതമാനം മയക്കുമരുന്നും പാകിസ്ഥാനിൽ നിന്ന് ഡ്രോണുകൾ വഴിയും 30 ശതമാനം ഗുജറാത്ത് വഴിയുമാണ് എത്തിയിരുന്നതെന്ന് കെജ്‌രിവാൾ പറഞ്ഞു. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയെന്നും 70 ശതമാനം മയക്കുമരുന്നും ‘ചിട്ട’ (മായം ചേർത്ത ഹെറോയിൻ) ഉൾപ്പെടെ ഗുജറാത്ത് വഴിയാണ് എത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പഞ്ചാബ്–പാകിസ്ഥാൻ അതിർത്തിയിൽ ആൻ്റി-ഡ്രോൺ സംവിധാനങ്ങൾ സ്ഥാപിച്ചതിലൂടെ പാകിസ്ഥാനിൽ നിന്നുള്ള മയക്കുമരുന്ന് കടത്ത് ഗണ്യമായി കുറയ്ക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞുവെന്ന് കെജ്രിവാൾ പറഞ്ഞു. അതിർത്തി കടക്കുന്നതിന് മുമ്പ് തന്നെ ഡ്രോണുകൾ കണ്ടെത്തി നശിപ്പിക്കാൻ സാധിക്കുന്നുണ്ടെന്നും കെജ്‌രിവാൾ വ്യക്തമാക്കി.





