കൊൽക്കത്ത: 12-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻ്റെ ദേശീയ പരിപാടിക്ക് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ റെഡ് റോഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകി. ആയിരക്കണക്കിന് ജനങ്ങളോടൊപ്പം അദ്ദേഹം യോഗാഭ്യാസത്തിൽ പങ്കെടുത്തു.
“യോഗ എല്ലാവരെയും ബന്ധിപ്പിക്കുകയും മനുഷ്യ ഐക്യത്തിൻ്റെ അടിത്തറ പാകുകയും ചെയ്യുന്നു” എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷത്തെ പ്രമേയമായ “ആരോഗ്യകരമായ വാർധക്യത്തിനായി യോഗ” എന്നത് എല്ലാ പ്രായക്കാർക്കും പ്രസക്തമാണെന്നും യോഗ ശരീര-മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും ജീവിതശൈലി രോഗങ്ങൾ തടയാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘യോഗ 365’ പദ്ധതിയുടെ ഭാഗമായി 130 രാജ്യങ്ങളിൽ നിന്നായി 30 ലക്ഷത്തിലധികം പേരാണ് പങ്കെടുത്തതെന്നും പ്രധാനമന്ത്രി അറിയിച്ചു. ആരോഗ്യമുള്ള സമൂഹമാണ് ശക്തമായ രാഷ്ട്രത്തിൻ്റെ അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





