ഗുരുവായൂർ ദേവസ്വം കീഴേടമായ തലക്കോട്ടുകര മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശ ചടങ്ങുകൾക്ക് ആചാര്യവരണത്തോടെ തുടക്കമായി.
ഗുരുവായൂർ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആചാര്യവരണം നിർവഹിച്ചു.
ജൂലൈ 8 മുതൽ 18 വരെ നടക്കുന്ന നവീകരണ കലശം, പുനഃപ്രതിഷ്ഠ, സഹസ്ര കലശം, കർപ്പൂരാദി കലശം എന്നീ ചടങ്ങുകളുടെ ഭാഗമായിരുന്നു ആചാര്യവരണം .
ജൂലൈ 15 ബുധനാഴ്ച രാവിലെ 6:46 മുതൽ 7:21 വരെയുള്ള ശുഭമുഹൂർത്തത്തിലാണ് പുനഃപ്രതിഷ്ഠ. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരകന്നൂർ വടക്കേടത്ത് നാരായണൻ നമ്പൂതിരിയുടെയും, ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരിയുടേയും മുഖ്യ കാർമ്മികത്വത്തിലാകും ചടങ്ങുകൾ നടക്കുക.
ആചാര്യ വരണ ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം ശ്രീ സി. മനോജ് , ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ശ്രീ പ്രമോദ് കളരിക്കൽ, പബ്ലിക്കേഷൻ വിഭാഗം മാനേജർ ശ്രീ കെ.ജി. സുരേഷ്‌കുമാർ, ദേവസ്വം ഇൻസ്‌പെക്ടർ ശ്രീ കെ.പി. അഭിൻ, മറ്റ് ദേവസ്വം ഉദ്യോഗസ്ഥർ, ക്ഷേത്രം ക്ഷേമസമിതി, മാതൃസമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായി.





