ബിജെപിക്കെതിരെ നിരന്തരം അടിസ്ഥാനരഹിതവും കള്ളവാർത്തകളും പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അറിയിച്ചു.
ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഏഷ്യാനെറ്റ് ന്യൂസ് നൽകിയ വാർത്തകൾ വസ്തുതാവിരുദ്ധവും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം ആരോപിച്ചു. വാർത്തകളിൽ പരാമർശിക്കുന്ന അക്ഷയ് എന്ന വ്യക്തി ബിജെപിയുടെ ജില്ലാ ഓഫീസ് സെക്രട്ടറിയായിരുന്നില്ലെന്നും, ജില്ലാ ഓഫീസിൽ താൽക്കാലിക ജീവനക്കാരനായി മാത്രമാണ് പ്രവർത്തിച്ചിരുന്നതെന്നും ജസ്റ്റിൻ ജേക്കബ് വ്യക്തമാക്കി.
ജില്ലാ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് വാർത്തയിൽ ആരോപിക്കുന്ന തരത്തിലുള്ള യാതൊരു സാമ്പത്തിക ഇടപാടുകളും ഒരിക്കലും നടന്നിട്ടില്ലെന്നും, അത്തരം ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെയും ജില്ലാ ഓഫീസിന്റെയും സൽപ്പേര് തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം കള്ളപ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സ്വഭാവദൂഷ്യവുമായി ബന്ധപ്പെട്ട പരാതികളുടെ അടിസ്ഥാനത്തിലാണ് അക്ഷയിയെ ജില്ലാ ഓഫീസിൽ നിന്ന് പുറത്താക്കിയതെന്നും, അതിന്റെ വ്യക്തിപരമായ പ്രതികാരബുദ്ധിയാണ് ഇപ്പോൾ ബിജെപിക്കെതിരെ കള്ള ആരോപണങ്ങൾ ഉന്നയിക്കാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും ഇയാളെ പ്രേരിപ്പിക്കുന്നതെന്നും ജസ്റ്റിൻ ജേക്കബ് പറഞ്ഞു. യാതൊരു വസ്തുതാപരമായ പരിശോധനയും നടത്താതെ ഇയാളുടെ ആരോപണങ്ങൾ വാർത്തയാക്കിയ ഏഷ്യാനെറ്റ് ന്യൂസിന്റെ നടപടി ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തനത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം വിമർശിച്ചു.
ബിജെപിയുടെ പ്രതിച്ഛായ തകർക്കുന്നതിനും പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനുമുള്ള ബോധപൂർവമായ ശ്രമമാണ് ഇതിന് പിന്നിലെന്നും, മാധ്യമങ്ങൾ വസ്തുതകൾ പരിശോധിച്ചശേഷം മാത്രമേ വാർത്തകൾ പ്രസിദ്ധീകരിക്കാവൂ എന്ന മാധ്യമധർമം ഏഷ്യാനെറ്റ് ന്യൂസ് ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസിനും കള്ള ആരോപണങ്ങൾ ഉന്നയിച്ച അക്ഷയിക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റി തീരുമാനിച്ചതായും, ആവശ്യമായ തെളിവുകൾ സഹിതം കോടതിയെ സമീപിക്കുമെന്നും ജസ്റ്റിൻ ജേക്കബ് അറിയിച്ചു. സത്യാവസ്ഥ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും പാർട്ടിയുടെ സൽപ്പേര് സംരക്ഷിക്കുന്നതിനുമായി എല്ലാ നിയമപരമായ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.





