ഡെറാഡൂൺ: പാർട്ടി പരിപാടികളിൽ വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ വിമർശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. കോൺഗ്രസ്സിന്റെ തീരുമാനം “ദേശവിരുദ്ധമാണ്” എന്ന് വിശേഷിപ്പിച്ച ധാമി, പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോൺഗ്രസ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും ആരോപിച്ചു.
കോൺഗ്രസ് പ്രവർത്തക സമിതി വന്ദേമാതരം ഭാഗികമായി മാത്രം ആലപിക്കാൻ തീരുമാനിച്ചത് രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തോടുള്ള അനാദരവാണെന്ന് ധാമി മാധ്യമങ്ങളോട് പറഞ്ഞു.“കോൺഗ്രസ് എല്ലാക്കാലത്തും ഇത്തരത്തിലാണ് പ്രവർത്തിച്ചിട്ടുള്ളത്. മുൻകാലത്തും പ്രീണനത്തിനായി വന്ദേമാതരത്തെ വിഭജിച്ചു. ഇപ്പോൾ വന്ദേമാതരം പൂർണമായി ആലപിച്ചാൽ ഭാരതത്തിലെ ദേവീദേവന്മാരെ പരാമർശിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുമെന്നതിനാലാണ് അവർ അതിൽ നിന്ന് പിന്മാറുന്നതെന്നും” പുഷ്‌കർ സിംഗ് ധാമി കുറ്റപ്പെടുത്തി.





