
ലഖ്‌നൗ: മയക്കുമരുന്ന് കടത്തിനെതിരെ നിർണായക നടപടി സ്വീകരിച്ച് സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്‌സ് (CBN). ‘ഓപ്പറേഷൻ ബ്ലാക്ക് ഹോക്ക്’ എന്ന പേരിൽ നടത്തിയ തുടർച്ചയായ പരിശോധനകളിൽ ലഖ്‌നൗവിന് സമീപത്തുനിന്ന് ആകെ 18.64 കിലോഗ്രാം ക്രൂഡ് ഹെറോയിൻ പിടികൂടി. അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ മൂന്ന് പ്രധാന അംഗങ്ങളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനത്ത് നിന്ന് എത്തിച്ച മയക്കുമരുന്ന് ഉത്തർപ്രദേശിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിനായി കടത്തിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.
വടക്കുകിഴക്കൻ മേഖലയിൽനിന്ന് ലഖ്‌നൗവിലേക്ക് മയക്കുമരുന്ന് കടത്തുന്നതുമായി ബന്ധപ്പെട്ട് CBN-ൻ്റെ മധ്യപ്രദേശ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടർന്ന് സിബിഎൻ മധ്യപ്രദേശ്, ഉത്തർപ്രദേശ് യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ സംയുക്തമായി നിരീക്ഷണം ശക്തമാക്കി.
ഓഗസ്റ്റ് 20-21 തീയതികളിലെ രാത്രിയിൽ സുൽത്താൻപൂർ-ലഖ്‌നൗ ഹൈവേയിൽ പ്രത്യേക പരിശോധനയും നിരീക്ഷണവും ഏർപ്പെടുത്തി. വിവിധ ടോൾ പ്ലാസകളിലൂടെ വാഹനത്തിൻ്റെ നീക്കം തുടർച്ചയായി നിരീക്ഷിച്ച ഉദ്യോഗസ്ഥർ ഓഗസ്റ്റ് 21ന് ലഖ്‌നൗവിന് സമീപം അസം രജിസ്‌ട്രേഷനിലുള്ള ഹ്യുണ്ടായ് ക്രെറ്റ കാർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.

വാഹനം പരിശോധിച്ചപ്പോൾ ആദ്യം സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. വാഹനത്തിലുണ്ടായിരുന്നവർ മയക്കുമരുന്ന് കടത്തുമായി ബന്ധമില്ലെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാൽ ചോദ്യം ചെയ്യലിനിടെ ഏകദേശം 500 കിലോമീറ്റർ യാത്രയ്ക്കിടെ നാല് തവണ ഇന്ധനം നിറച്ചതായി ഇവർ വെളിപ്പെടുത്തിയത് ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചു.
തുടർന്ന് വാഹനത്തിൻ്റെ ഇന്ധന ടാങ്കിൽ നടത്തിയ പരിശോധനയിൽ അസാധാരണമായ ശബ്ദം ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ഇന്ധന ടാങ്കിനുള്ളിൽ രഹസ്യ അറ ഉണ്ടാകാമെന്ന് സംശയം തോന്നുകയായിരുന്നു.
വാഹനം ലഖ്‌നൗവിലെ സിബിഎൻ ഓഫീസിലെത്തിച്ച് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഇന്ധന ടാങ്ക് പൊളിച്ച് പരിശോധിച്ചു. ഇതിനുള്ളിൽ പ്രത്യേകമായി നിർമിച്ച രഹസ്യ അറ കണ്ടെത്തി. ഈ രഹസ്യ അറയിൽ 25 വാട്ടർപ്രൂഫ് പാക്കറ്റുകളിലായി 16.46 കിലോഗ്രാം ക്രൂഡ് ഹെറോയിൻ ഒളിപ്പിച്ചിരുന്നതായി കണ്ടെത്തി.
വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരെയും ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
തുടർന്ന് നടത്തിയ മറ്റൊരു പരിശോധനയിലൂടെയാണ് ആകെ പിടികൂടിയ ക്രൂഡ് ഹെറോയിൻ്റെ അളവ് 18.64 കിലോഗ്രാമായി ഉയർന്നത്. കേസുമായി ബന്ധപ്പെട്ട് ആകെ മൂന്ന് പേരാണ് അറസ്റ്റിലായത്.
അന്തർസംസ്ഥാന മയക്കുമരുന്ന് ശൃംഖലയിലെ മറ്റ് കണ്ണികളെ കണ്ടെത്തുന്നതിനും മയക്കുമരുന്നിൻ്റെ ഉറവിടവും ഉത്തർപ്രദേശിലെ വിതരണ ശൃംഖലയും കണ്ടെത്തുന്നതിനുമായി അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.




