Court India Kerala Law News

ബൈക്കിന് മൈലേജ് കുറവ്, പരസ്യത്തിൽ തെറ്റായ വാഗ്ദാനം നൽകി: മഹീന്ദ്ര കമ്പനിക്കെതിരെ വിധി

ബൈക്കിന് കുറവ് മൈലേജ് ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ മണലിത്തറ സ്വദേശി പുത്തൻകളപ്പുരയിൽ വീട്ടിൽ ജോയ് മാത്യു ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലുള്ള മഹീന്ദ്ര ടു വീലേർസ് ലിമിറ്റഡിനെതിരെ വിധിയായത്.

ജോയ് മാത്യു 2014 ജൂൺ 18 നാണ് 46559 രൂപ നൽകി എതിർകക്ഷിയുടെ സെഞ്ചുറോ ബൈക്ക് വാങ്ങി. ഒരു ലിറ്റർ പെട്രോളിന് 85 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അപ്രകാരം ലഭിച്ചിരുന്നില്ല. തെറ്റായ വാഗ്ദാനം നൽകിയാണ് വാഹനം വില്പന നടത്തിയതെന്നാരോപിച്ച്, ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച രണ്ട് വിദഗ്ദ കമ്മീഷണർമാർ വാഹനം പരിശോധന നടത്തി റിപ്പോർട്ടുകൾ സമർപ്പിച്ചു. ശരാശരി 53 കിലോമീറ്റർ മൈലേജാണ് പരിശോധനയെത്തുടർന്ന് കമ്മീഷണർമാർ റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്‌., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് സംഭവിച്ച മാനസിക വിഷമങ്ങൾക്കും സാമ്പത്തിക നഷ്ടത്തിനും പരിഹാരമായി 25000 രൂപയും 2015 ഒക്ടോബർ 5 മുതൽ 8% പലിശയും നഷ്ടപരിഹാരമായി 10000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *