Kerala News Politics

പുതുക്കാട് പോലീസ് നടപടി: ഗുരുതര ആരോപണങ്ങളിൽ ശക്തമായ നിയമനടപടി വേണം — ജസ്റ്റിൻ ജേക്കബ്

തൃശൂർ: പുതുക്കാട് ആമ്പല്ലൂരിൽ യുവാക്കൾ സഞ്ചരിച്ച ബൈക്കിലേക്ക് പോലീസ് ജീപ്പ് ഇടിച്ച സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന ഗുരുതര ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായ പോലീസുകാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടു.

സംഭവം സാധാരണ വാഹനാപകടമായി മാത്രം കാണാനാകാത്ത തരത്തിലുള്ള ഗുരുതര ആരോപണങ്ങളാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റ അമലിന്റെ മൊബൈൽ ഫോണിൽ സ്വമേധയാ റെക്കോർഡ് ചെയ്യപ്പെട്ടതായി കുടുംബം പുറത്തുവിട്ട ശബ്ദരേഖയിൽ പോലീസുകാരുടെ സംഭാഷണങ്ങൾ സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. ഈ ശബ്ദരേഖയുടെയും മറ്റ് ദൃശ്യങ്ങളുടെയും ആധികാരികത ശാസ്ത്രീയമായി പരിശോധിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണം.

പോലീസ് വാഹനം ഇടിച്ചതിനെ തുടർന്ന് യുവാക്കൾക്ക് പരിക്കേറ്റിട്ടും അവരെ ആശുപത്രിയിലെത്തിക്കാതെ റോഡിൽ ഉപേക്ഷിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പുതുക്കാട് സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ നാല് പോലീസുകാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ സസ്പെൻഷനിൽ മാത്രം നടപടി ഒതുങ്ങരുത്. ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തുന്ന പക്ഷം വധശ്രമം ഉൾപ്പെടെയുള്ള അനുയോജ്യമായ ക്രിമിനൽ വകുപ്പുകൾ പ്രകാരം കേസെടുത്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണം.

ജീവൻ രക്ഷിക്കേണ്ട പോലീസ് തന്നെ ഒരു യുവാവിന്റെ ജീവന് ഭീഷണിയാകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അത് അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. അമലിനും സുഹൃത്തുക്കൾക്കും നീതി ലഭിക്കാനും സത്യം പുറത്തുകൊണ്ടുവരാനും പോരാടുന്ന അമലിന്റെ മാതാവ് പ്രസന്ന ഷാജുവിനും കുടുംബത്തിനും ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ പൂർണ്ണ പിന്തുണയുണ്ടാകും, ജസ്റ്റിൻ ജേക്കബ് പറഞ്ഞു.

പോലീസ് സേനയിലെ ഏതെങ്കിലും ഉദ്യോഗസ്ഥർ നിയമം കൈയിലെടുത്തതായി തെളിഞ്ഞാൽ അവരെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കരുത്. സാധാരണ പൗരന് ബാധകമായ നിയമം പോലീസിനും ബാധകമാണ്. യൂണിഫോമിന്റെ മറവിൽ നിയമവിരുദ്ധമായ പ്രവൃത്തികൾക്ക് സംരക്ഷണം നൽകുന്ന സാഹചര്യം ഉണ്ടാകരുത്.

സംഭവവുമായി ബന്ധപ്പെട്ട ശബ്ദരേഖകളും വീഡിയോ ദൃശ്യങ്ങളും മെഡിക്കൽ രേഖകളും ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ച് സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തണം. ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ കുറ്റം തെളിയുന്ന പക്ഷം കർശനമായ ക്രിമിനൽ നടപടികൾ സ്വീകരിക്കുകയും സർവീസ് ചട്ടപ്രകാരമുള്ള പരമാവധി നടപടികൾ സ്വീകരിക്കുകയും വേണമെന്നും ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടു.

കുറ്റാരോപിതരെ സംരക്ഷിക്കുന്ന നിലപാടുമായി സർക്കാർ മുന്നോട്ടുപോയാൽ ബിജെപി ശക്തമായ ജനകീയ പ്രതിഷേധവുമായി രംഗത്തിറങ്ങും. അമലിനും കുടുംബത്തിനും നീതി ലഭിക്കുന്നതുവരെ ബിജെപി വിഷയത്തിൽ ശക്തമായി ഇടപെടുമെന്നും ജസ്റ്റിൻ ജേക്കബ് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *