കോഴിക്കോട്: മഹാത്മാ അയ്യങ്കാളി അനുസ്‌മരണ സമിതി സംഘടിപ്പിക്കുന്ന മഹാത്മാ അയ്യങ്കാളി അനുസ്‌മരണവും മികച്ച സാമൂഹ്യ പ്രവർത്തകനുള്ള നാലാമത് അയ്യങ്കാളി പുരസ്‌കാര സമർപ്പണവും സെപ്തംബർ 25 ന് വെള്ളിയാഴ്ച വൈകു: 3.30 ന് വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ വെച്ച് നടക്കുമെന്ന് കോർഡിനേറ്റർ സുധീഷ് കേശവ പുരി അറിയിച്ചു. പ്രശസ്‌തി പത്രവും ശിൽപ്പവും പതിനായിരത്തി ഒന്ന് രൂപയും ഉൾപ്പെടുന്ന അയ്യങ്കാളി പുരസ്‌കാരം ഇത്തവണ ലഭിച്ചിരിക്കുന്നത് മൂവാറ്റുപുഴ സ്വദേശിയും അട്ടപ്പാടി ആദിവാസി മേഖലയിലെ ഗവ. എൽപി സ്‌കൂൾ അധ്യാപകനുമായ ജോബി ബാലകൃഷ്ണനാണ്.
ബിജെപി നിയമ സഭാകക്ഷി നേതാവും ചാത്തന്നൂർ എസ് എൻ ഡി പി യൂണിയൻ പ്രസിഡൻ്റുമായ ബി ബി ഗോപകുമാർ എം എൽ എ അനുസ്മരണ സമ്മേളനത്തിൻ്റെ ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിക്കും. അനുസ്‌മരണ സമിതി നടത്തിയ ജില്ലാതല രാമായണ പ്രശ്‌നോത്തരി മത്സരത്തിലെ വിജയികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും ചടങ്ങിൽ വെച്ച് നടക്കും.
എസ് എൻ ഡി പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. ഗുരുവായൂരപ്പൻ കോളെജ് മലയാള ഗവേഷണ വിഭാഗം തലവനും അനുസ്‌മരണ സമിതി പ്രസിഡൻ്റുമായ പ്രൊഫ. ശ്രീശൈലം ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും. കോർപ്പറേഷൻ കൗൺസിലർ ആഷിക ടീച്ചർ ജൂറി അംഗങ്ങളായ പ്രൊഫ. സുമതി ഹരിദാസ് , വത്സൻ നെല്ലിക്കോട് സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.





