ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഫോൺ സംഭാഷണത്തെ ചോദ്യം ചെയ്ത് കോൺഗ്രസ്. ഇന്ത്യ-അമേരിക്ക ബന്ധവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ സംഭാഷണത്തിൽ ചർച്ചയായോ എന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ട്രംപിനെ പ്രധാനമന്ത്രി തൻ്റെ ‘നല്ല സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ചതിനെയും കോൺഗ്രസ് ജനറൽ സെക്രട്ടറി ഇൻചാർജ് കമ്മ്യൂണിക്കേഷൻസ് ജയറാം രമേശ് വിമർശിച്ചു.
റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക സ്വീകരിച്ച നടപടികളിലും ഇറാനുമായുള്ള ഇന്ത്യയുടെ സാമ്പത്തിക ബന്ധത്തിലും രാജ്യത്തിന്റെ ആശങ്കകൾ പ്രധാനമന്ത്രി ട്രംപിനെ അറിയിച്ചോ എന്ന് ജയറാം രമേശ് ചോദിച്ചു.
ഇന്ത്യ-അമേരിക്ക ബന്ധവുമായി ബന്ധപ്പെട്ട് രാജ്യത്ത് ചർച്ചയാകുന്ന നിരവധി പ്രധാന വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഫോൺ സംഭാഷണ വിശദീകരണത്തിൽ പരാമർശമില്ലെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്.




