ചണ്ഡീഗഢ്: പഞ്ചാബിലെ ജലന്ധറിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ‘നശാമുക്ത് പഞ്ചാബ് യാത്ര’ക്കെതിരെ ആം ആദ്മി പാർട്ടി (എഎപി) രംഗത്ത്. ലഹരിക്കെതിരായ പോരാട്ടത്തിൻ്റെ പേരിൽ പഞ്ചാബിനെ മാത്രം ലക്ഷ്യമിടുന്നത് അവസാനിപ്പിച്ച് രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ലഹരി ശൃംഖലകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എഎപി ആവശ്യപ്പെട്ടു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരി കടത്ത് തടയുന്നതിനും കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് എഎപി പ്രസ്താവനയിൽ പറഞ്ഞു.
അമിത് ഷാ പഞ്ചാബിൽ ലഹരിവിരുദ്ധ പ്രചാരണത്തിൽ പങ്കെടുക്കുന്നതിനിടെ ഗുജറാത്ത് എടിഎസും ഇന്ത്യൻ കോസ്റ്റ് ഗാർഡും ചേർന്ന് വൻതോതിൽ ലഹരി പിടികൂടിയ സംഭവവും എഎപി ചൂണ്ടിക്കാട്ടി. ഗുജറാത്ത് തീരമേഖലയിലൂടെയുള്ള ലഹരി കടത്ത് മാർഗങ്ങൾ വീണ്ടും ശ്രദ്ധയിൽപ്പെട്ടിരിക്കുകയാണെന്നും പാർട്ടി ആരോപിച്ചു.
പഞ്ചാബിനെ മാത്രം ലക്ഷ്യമിടുന്നതിന് പകരം അമിത് ഷാ ലഹരിവിരുദ്ധ യാത്ര ഗുജറാത്തിൽ നിന്ന് ആരംഭിക്കണമെന്നാണ് എഎപിയുടെ ആവശ്യം.





