Kerala News

നവീൻ ബാബുവിന്റെ മരണം; ഉത്തരവാദിക്കെതിരെ നിയമ നടപടി വേണം- കെ ജി ഒ സംഘ് സംസ്ഥാന വനിതാ സമിതി

കണ്ണൂരിൽ അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ ജനപ്രതിനിധിയ്ക്കെതിരെ നിയമനടപടികൾ എടുക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘ് സംസ്ഥാന വനിതാ സമിതി അധ്യക്ഷ ഡോ. രമാദേവി ആവശ്യപ്പെട്ടു. എ ഡി എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് കെ ജി ഓ സംഘ് സംസ്ഥാന വനിതാ സമിതി പതിനാറാം തീയതി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. നവീൻ ബാബുവിന് ആദരാഞ്ജലികൾ അർപ്പിച്ച യോഗം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും അറിയിച്ചു.അദ്ദേഹത്തിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ഉണ്ടാകണം. സ്വജനപക്ഷപാതം, സ്വജനപ്രീണനം തുടങ്ങിയവ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തെ സ്വാധീനിക്കാറുണ്ടെന്നും സ്ഥലംമാറ്റങ്ങൾ നിയമാനുസൃതം ആകണമെന്നും സമിതി ആവശ്യപ്പെട്ടു. അഴിമതിയുടെ കറ പുരളാത്ത ഉദ്യോഗസ്ഥനെന്ന് അദ്ദേഹത്തെക്കുറിച്ച് റെവന്യൂ മന്ത്രി തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഒരു സർക്കാർ ഉദ്യോഗസ്ഥനെതിരെ ആക്ഷേപമുണ്ടെങ്കിൽ അത് അന്വേഷിക്കുവാൻ വിജിലൻസ് വകുപ്പും നീതിന്യായവ്യവസ്ഥയും നിലവിലുള്ള സാഹചര്യത്തിൽ, നിയമത്തെ വെല്ലുവിളിച്ചു കൊണ്ട് സർക്കാർ ഉദ്യോഗസ്ഥരെ പരസ്യമായി അപമാനിക്കുവാൻ ഒരു ജനപ്രതിനിധിയ്ക്കും അവകാശമില്ല. ‘ജോലിയിൽ മാനസികാരോഗ്യം’ എന്ന മുദ്രാവാക്യത്തോടെ ലോക മാനസികാരോഗ്യദിനം ഒക്ടോബർ 10 ന് നാം ആചരിച്ചു. ആചരണങ്ങൾക്കുമപ്പുറം, ആരോഗ്യകരമായ തൊഴിലിടങ്ങൾ ഇവിടെ സൃഷ്ടിക്കപ്പെടണം. ആചരണങ്ങൾ മുദ്രാവാക്യങ്ങളിൽ ഒടുങ്ങരുത് എന്നും ഉദ്യോഗസ്ഥരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടികൾ ഓരോ വകുപ്പുകളിലും സർക്കാർ നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി അജിത കമൽ, എക്സിക്യൂട്ടീവ് അംഗം ഡോ. സി. കെ. നിഷ, ദീത എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *