കാസർകോട്: കാസർകോട് നീലേശ്വരത്തെ പ്രശസ്തമായ തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ തെയ്യം മഹോത്സവത്തിനിടെ വെടിക്കെട്ടുപുരയ്ക്ക് തീപിടിച്ച് അപകടം. 100 ഓളം ആളുകൾക്ക് പൊള്ളലേറ്റതായും ചിലരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ട്.
തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടയിൽ വെടിവെപ്പിന്റെ തീപ്പൊരി വെടിക്കെട്ടുപുരയിലേക്ക് പടർന്നതാണെന്നു കരുതുന്നു. ഭക്തജനങ്ങളുടെ തിരക്കിനിടയിൽ ആളുകൾ തിക്കിലും തിരക്കിലും പെട്ടു പരിക്കേറ്റു.
പരിക്കേറ്റവരെ നീലേശ്വരവും കാഞ്ഞങ്ങാടും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റവരെ പരിയാരത്തെയും മംഗലാപുരത്തെയും ആശുപത്രികളിലേക്ക് മാറ്റിയതായി ഔദ്യോഗിക റിപ്പോർട്ടുണ്ട്. ജില്ലാ കളക്ടർ കെ. ഇമ്പശേഖറും ജില്ലാ പോലീസ് മേധാവി ഡി. ശിൽപയും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.





