Kerala News Politics

വികസനം ചർച്ചയാക്കി പിരായിരിയിൽ സ്ഥാനാർത്ഥി പര്യടനം

പാലക്കാട്: നഗരസഭയിലും, പിരായിരി പഞ്ചായത്തിലുമായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറിൻ്റെ പര്യടനം. രാവിലെ 7.30 ഓടെ നഗര സഭയിലെ ശ്രീരാം കോളനി, പ്രശാന്ത് നഗർ, അംബികാ പുരം എന്നിവിടങ്ങളിലാണ് ഭവന സന്ദർശനം നടന്നത്. പിന്നീട് കോടതിയിലെത്തിയ സ്ഥാനാർത്ഥി അഭിഭാഷകരോടും, കോടതി ജീവനക്കാരോടും വോട്ടഭ്യർത്ഥിച്ചു. തുടർന്ന് കർഷക മോർച്ചയുടെ നേതൃത്വത്തിൽ നെല്ല് സംഭരണ വില ഉയർത്തണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച ട്രാക്ടർ റാലിയിൽ ഉടനീളം സ്ഥാനാർത്ഥി സംബന്ധിച്ചു.ഉച്ച തിരിഞ്ഞ് വികസനവും കുടിവെള്ള പ്രശ്നവും ചർച്ചയാക്കി പിരായിരി പഞ്ചായത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി പര്യടനം നടത്തി. വൈകുന്നേരം 4 മണിയോടെ പിരായിരി പഞ്ചായത്തിലെ ഉപാസന നഗറിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. തുടർന്ന് കണ്ണോട്ട് കാവ്, കുന്നംകുളങ്ങര, കുണ്ടുകാട്, തരവത്ത് പടി, അണ്ടലങ്ങാട്, മോഴി പുലം എന്നിവിടങ്ങളിൽ സ്വീകരണം നടന്നു. പിരിയായിരിയിൽ രൂക്ഷമായ ജലക്ഷാമവും, നെല്ല് സംഭരണ പ്രശ്നങ്ങളും ഉള്ളപ്പോൾ ഇടത് വലത് മുന്നണികൾ ഇക്കാര്യം ചർച്ച ചെയ്യുന്നില്ലെന്ന് സ്ഥാനാർത്ഥി പറഞ്ഞു. വിവാദങ്ങളല്ല വികസനമാണ് ചർച്ചയാക്കേണ്ടതെന്നും സ്ഥാനാർത്ഥി കൂട്ടി ചേർത്തു.മണ്ഡലത്തിലേക്ക് തിരിഞ്ഞ് നോക്കാത്ത എം.എൽ.എ ഇപ്പോൾ നാട്ടുകാരെ വഞ്ചിച്ച് വടകരക്ക് പോയെന്നും സ്ഥാനാർത്ഥി പറഞ്ഞു.പാലക്കാട് നഗരസഭയിൽ അമൃത് പദ്ധതി പ്രകാരം കുടിവെള്ളം എത്തിച്ചതിന് സമാനമായി പിരായിലും വെള്ളം എത്തിക്കാനാവുമെന്ന് സ്ഥാനാർത്ഥി പറഞ്ഞു. വികസന കാര്യത്തിൽ സംവാദത്തിന് ഇത് വലത് മുന്നണികൾ തയ്യാറുണ്ടോ എന്നും സ്ഥാനാർത്ഥി ചോദിച്ചു.
മണ്ഡലം പ്രസിഡൻറ് വിജേഷ് കെ, ട്രഷറർ രാജേഷ് , ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡൻ്റ് അഡ്വ. രഘു, ജില്ലാ വൈസ് പ്രസിഡൻ്റ് ചെല്ലപ്പൻ, ജനറൽ സെക്രട്ടറി എ. ഗംഗാധരൻ തുടങ്ങിയവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *