Kerala News

ജനാധിപത്യത്തെ നിലനിർത്താൻ മാധ്യമ സ്വാതന്ത്ര്യം അനിവാര്യം: ജസ്റ്റീസ് കെമാൽ പാഷ

കൊച്ചി: ആരോഗ്യകരമായ ജനാധിപത്യ വ്യവസ്ഥ നിലനിർത്താൻ മാധ്യമ സ്വാതന്ത്ര്യം അനിവാര്യമാണെന്ന് റിട്ടയേഡ് ജസ്റ്റീസ് ബി. കെമാൽ പാഷ. ജനാധിപത്യത്തിൻ്റെ മറ്റ് മൂന്ന് അടിസ്ഥാന ശിലകൾക്കും അപചയം സംഭവിക്കുമ്പോൾ തിരുത്തൽ ശക്തിയായി നിലകൊള്ളേണ്ട നാലാം തൂണായ മാധ്യമങ്ങളാണ്. സത്യസന്ധമായ മാധ്യമപ്രവർത്തനം വർത്തമാനകാലത്ത് ബഹുമുഖങ്ങളായ വെല്ലുവിളികളാണ് നേരിടുന്നത്. സാമൂഹികമായും രാഷ്ട്രീയമായും സാമ്പത്തികമായും സ്വതന്ത്രമായ മാധ്യമപ്രവർത്തനത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമം സംഘടിതമായി നടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരളയുടെ പൊതുവേദിയായ മീഡിയ ഫോക്കസ് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സംഘടിപ്പിച്ച ‘മാധ്യമ സ്വാതന്ത്ര്യം കോടതി വിധിയുടെ വെളിച്ചത്തിൽ ‘ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റീസ് കെമാൽ പാഷ. മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ കാര്യത്തിൽ ലോകത്തിലെ 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 161 ആണെന്നത് അഭിലഷണീയമല്ല. എന്നിരുന്നാലും എല്ലാ വെല്ലുവിളികളെ മറികടന്ന് സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവർത്തനം പുലരുന്നതിന് സുപ്രീംകോടതിയുടേയും കേരള ഹൈക്കോടതിയുടേയും വിധിന്യായങ്ങൾ സഹായകമാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടന അനുശാസിക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിൻ്റെ ഗണത്തിൽ മാധ്യമ സ്വാതന്ത്ര്യവും ഉൾപ്പെടുന്നുണ്ടെന്നും അംബേദ്കർ അടക്കമുള്ള ഭരണഘടനാ ശിൽപ്പികൾ ദീർഘദൃഷ്ടിയോടെ വിഭാവന ചെയ്തതാണ് ഇതെന്നും മുഖ്യപ്രഭാഷകനായ ഡോ. സെബാസ്റ്റ്യൻ പോൾ ചൂണ്ടിക്കാട്ടി. അവഹേളിക്കപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അതിനെ ഗതി കേടായി കാണാതെ തങ്ങളുടെ തൊഴിലിൻ്റെ ഭാഗമായി കണ്ട് സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ സംരക്ഷിക്കാൻ മാധ്യമപ്രവർത്തകർ സ്വയം തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. കേസുകൾ ക്രിമിനൽ വ്യവഹാരത്തിൻ്റെ ഗണത്തിൽ നിന്നും മാറ്റി സിവിൽ കേസുകളായി വേണം പരിഗണിക്കപ്പെടാൻ. സത്യം തുറന്ന് പറയുമ്പോൾ മാധ്യമപ്രവർത്തകർ അടക്കമുള്ളവർ രാജ്യദ്രോഹ കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന ദുരവസ്ഥയാണ് . സെബാസ്റ്റ്യൻ പോൾ ചൂണ്ടിക്കാട്ടി.അപകീർത്തി കേസുകൾ ക്രിമിനൽ വ്യവഹാരത്തിൻ്റെ ഗണത്തിൽ നിന്നും മാറ്റി സിവിൽ കേസുകളായി വേണം പരിഗണിക്കപ്പെടാൻ. സത്യം തുറന്ന് പറയുമ്പോൾ മാധ്യമപ്രവർത്തകർ അടക്കമുള്ളവർ രാജ്യദ്രോഹ കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന ദുരവസ്ഥയാണ് . അദ്ദേഹം ചൂണ്ടിക്കാട്ടി.സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള സംസ്ഥാന പ്രസിഡൻ്റ് എസ്.ആർ. ശക്തിധരൻ അധ്യക്ഷത വഹിച്ചു. വി.വി. വേണുഗോപാൽ മോഡറ്റേറായിരുന്നു. കെ.യു .ഡ ബ്ള്യൂ. ജെ. ജില്ലാ പ്രസിഡൻ്റ് ആർ. ഗോപകുമാർ, ടെലിവിഷൻ ജേർണലിസ്റ്റ് അപർണ സെൻ , അഡ്വ. ടി.ബി. മിനി,യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എച്ച്. എം.അഷറഫ്, രക്ഷാധികാരി പി.എ. അലക്സാണ്ടർ, സെക്രട്ടറി വി.ആർ. രാജമോഹൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *