ശബരിമല: ശബരിമലയിൽ കുട്ടികൾ, മാളികപ്പുറങ്ങൾ, മുതിർന്നവ്യക്തികൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ദർശനം സുഗമമാക്കാൻ പുതിയ ക്രമീകരണം. ശ്രീകോവിലിനു സമീപം പ്രത്യേക ഗേറ്റ് ഒരുക്കി, അവരെ ആദ്യത്തെ വരിയിലെത്തി ദർശനത്തിനായി അനുവദിക്കും. കുട്ടികൾക്കൊപ്പം ഒരു രക്ഷിതാവിനെയും ഇതുവഴി കടത്തിവിടും.
പമ്പയിൽനിന്ന് മല കയറാനെത്തുന്ന കുട്ടികളും മുതിർന്നവ്യക്തികളും ഏറെ നേരം കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാക്കാനാണു ഈ ക്രമീകരണം. നേരത്തേ, വലിയ നടപ്പന്തലിൽനിന്ന് പതിനെട്ടാംപടിയിലേക്കുള്ള പ്രത്യേക വരി ക്രമീകരിച്ചിരുന്നു.
ഇപ്പോൾ തീർഥാടകരുടെ തിരക്ക് കൂടിയതോടെ പതിനെട്ടാംപടി കയറാനുള്ള നിര വലിയ നടപ്പന്തലും ശരംകുത്തിക്കു താഴെ വരെയും വ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ ശരാശരി 4655 തീർഥാടകരാണ് പമ്പയിൽനിന്ന് സന്നിധാനത്തേക്കു മലകയറുന്നത്.