പത്തനംതിട്ട: വൃശ്ചികം ഒന്നിന് നട തുറന്ന ശേഷം 12 ദിവസത്തിനുള്ളില്‍ 10 ലക്ഷത്തിലധികം ഭക്തര്‍ ദര്‍ശനം നടത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 54% വര്‍ദ്ധനവാണ്. 87,999 തീര്‍ഥാടകരെത്തിയ വ്യാഴാഴ്ചയാണ് ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ടത്.
ഭക്തരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ദേവസ്വത്തിന്റെ വരുമാനത്തിലും വര്‍ധനവുണ്ടാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.5 ലക്ഷം കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയതോടെ, ശബരിമല ദേവസ്വം 63 കോടി രൂപയുടെ വരുമാനം നേടിയതായി ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.
അരവണ വില്പ്പനയില്‍ തന്നെ 28 കോടിയിലധികം വരുമാനം ലഭിച്ചിട്ടുണ്ട്, മുന് വര്‍ഷത്തെ 19.4 കോടി രൂപയില്‍ നിന്നും 9.5 കോടിയുടെ വര്‍ദ്ധനവ്. കൂടാതെ, 3.5 ലക്ഷം അപ്പങ്ങളും വിറ്റു, 39 ലക്ഷം രൂപയുടെ ആപ്പ് വരുമാനവും ലഭിച്ചു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് കൂടിയിട്ടും സുഗമമായ ദര്‍ശനം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടത് നേട്ടമാണെന്നാണ് ദേവസ്വം പ്രസിഡന്റ് പറഞ്ഞു. 20-ലധികം സർക്കാർ വകുപ്പുകളും ഏജന്‍സികളും ചേർന്ന് ചെയ്ത കൂട്ടായപ്രയത്നത്തിന്‍റെ ഫലമാണ് ഇതെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞു.
പമ്പാ നദിയില്‍ വസ്ത്രം വലിച്ചെറിയുന്നതും മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ആചാരത്തിന്റെ ഭാഗമല്ലെന്ന് തന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഭക്തജനങ്ങളില്‍ പരമാവധി അവബോധം സൃഷ്ടിക്കാനും ഇത്തരം പ്രവണതകള്‍ തടയാന്‍ ജീവനക്കാരെ നിയമിക്കാനും ബോര്‍ഡ് ആലോചിക്കുന്നുണ്ട്.