സാമൂഹ്യക്ഷേമ പെൻഷൻ പദ്ധതിയിൽ നിന്ന് അനർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി ഒഴിവാക്കാനുള്ള നടപടികൾ കർശനമാക്കാൻ കേരള സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വ്യത്യസ്ത വകുപ്പ് ഡാറ്റാബേസുകൾ ഉപയോഗിച്ച് ഗുണഭോക്താക്കളെ വിലയിരുത്തും.
മോട്ടോർ വാഹന വകുപ്പിന്റെ രജിസ്ട്രേഷൻ ഡാറ്റ, റവന്യൂ, സിവിൽ സപ്ലൈസ് തുടങ്ങിയ വകുപ്പുകളുടെ വിവരങ്ങൾ പരിശോധിച്ച് ആഡംബര കാർ ഉടമകളും, വലിയ ഭൂമിയും വീടും ഉള്ളവരെയും കണ്ടെത്തും. ഒരു ലക്ഷം രൂപയിൽ അധികം കുടുംബവരുമാനമുള്ളവരെ സിവിൽ സപ്ലൈസ് ഡാറ്റ ഉപയോഗിച്ച് തിരിച്ചറിയും. അനർഹരായി കണ്ടെത്തിയവരുടെ പെൻഷൻ വിതരണം നിർത്തലാക്കും. ഇതിനുപുറമെ, അനധികൃതമായി ലഭിച്ച തുക പലിശ സഹിതം തിരികെ ഈടാക്കും.
ഗസറ്റഡ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ ഉള്‍പ്പടെ 1458 സര്‍ക്കാര്‍ ജീവനക്കാരെ അനര്‍ഹമായി സാമൂഹിക ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നതായി ധനവകുപ്പ് കണ്ടെത്തിയിരുന്നു.തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍കാരുടെ അര്‍ഹത വിലയിരുത്താന്‍ ധനവകുപ്പ് പരിശോധന തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ നടത്തിയ പരിശോധനയില്‍ കോട്ടക്കല്‍ നഗരസഭയില്‍ 38 അനര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തി.അനർഹരായ ഗുണഭോക്താക്കൾക്ക് പിന്തുണ നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെയും അച്ചടക്ക നടപടികൾ കൈക്കൊള്ളും.