Kerala News

സുസ്ഥിര വികസനത്തിന് ജൈവവൈവിധ്യ സംരക്ഷണം പ്രധാനം : മന്ത്രി എം ബി  രാജേഷ്

പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ സുസ്ഥിര വികസനത്തിന് ജൈവവൈവിധ്യങ്ങളുടെ സംരക്ഷണം പ്രധാനമാണെന്നും അതിലേക്കായി സർക്കാരിന്റെ ഗൗരവമായ ഇടപെടലുകൾ തുടർന്നും ഉണ്ടാവുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ഏകദിന സെമിനാർ മസ്‌കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ പഞ്ചായത്തുകളിലെ ജൈവവൈവിധ്യ മാനേജ്‌മെന്റ്‌ കമ്മിറ്റികൾ തയ്യാറാക്കിയ ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം ഭാഗം മന്ത്രി  പ്രകാശനം ചെയ്തു.

സാമൂഹിക വികസനത്തിലും സാമ്പത്തിക വളർച്ചയിലും കേരളം ബഹുദൂരം മുൻപിലാണ്. പാരിസ്ഥിതിക സുസ്ഥിരതയിലും നേട്ടമുണ്ടാക്കാൻ നമുക്കാകണം. കാലാവസ്ഥാവ്യതിയാനം, ജൈവവൈവിധ്യ സംരക്ഷണം, ദുരന്ത ലഘൂകരണം എന്നിവ കൃത്യമായി നടപ്പിലാക്കി വികസനത്തിലെ സന്തുലിതാവസ്ഥ ഉറപ്പുവരുത്തുന്ന മികച്ച മാതൃക തദ്ദേശസ്ഥാപനങ്ങളിൽ സൃഷ്ടിക്കും. ഇത്തരം വികസന ഇടപെടലുകൾ ജനപങ്കാളിത്തം ഉറപ്പുവരുത്തി നടപ്പിലാക്കുന്നതാണ് കേരളത്തിന്റെ പ്രത്യേകതയെന്ന് മന്ത്രി പറഞ്ഞു.

ജൈവവൈവിധ്യം ഏറ്റവും പ്രധാനമായ ഒരു പ്രാദേശിക വിഭവമാണ്, അതിൻറെ സംരക്ഷണം തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണ്. പ്രളയം നമ്മുടെ ജൈവവൈവിധ്യത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. മാറ്റങ്ങൾക്കനുസരിച്ചുള്ള ഇടപെടൽ സാധ്യമാക്കുന്നതിൽ ജൈവവൈവിധ്യ ബോർഡ് സമയബന്ധിതമായി പുതുക്കുന്ന പഠനങ്ങളും വികസന കർമ്മപദ്ധതി രേഖകളും സഹായകമാണെന്നും മന്ത്രി പറഞ്ഞു.

ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ, മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ, റിസർച്ച് ഓഫീസർ മിത്രാംബിക എൻ.ബി, പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഡോ. സി.എസ്. വിമൽകുമാർ തുടങ്ങിയവർ സെഷനുകൾ കൈകാര്യം ചെയ്തു. വിവിധ പഞ്ചായത്തുകളിലെ ചെയർപേഴ്സൺമാർ, സെക്രട്ടറിമാർ, ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റികളുടെ കൺവീനർമാർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *