Kerala News

ഓപ്പറേഷന്‍ ശരീര സൗന്ദര്യ; പരിശോധന നടത്തി

തൃശ്ശൂര്‍ ജില്ലയിലെ വിവിധ ജിംനേഷ്യങ്ങളില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ജിമ്മുകളില്‍ ശരീരഭാര വര്‍ദ്ധനക്കായി സ്റ്റിറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നതായി അറിയിപ്പ് ലഭിച്ചതിനാലാണ് പരിശോധന നടത്തിയത്. അനബോളിക് സ്റ്റീറോയിഡുകള്‍ മനുഷ്യജീവന് ആപത്ത് വരുത്തുന്നതിനാല്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ‘ഓപ്പറേഷന്‍ ശരീര സൗന്ദര്യ’ എന്ന പേരില്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നത്. ശരീരസൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തുന്നതിനായി അനധികൃതമായി സ്വവസതിയില്‍ സൂക്ഷിച്ച അനബോളിക് സ്റ്റീറോയിഡ് ഇഞ്ചക്ഷനുകളും ഗുളികകളും തൃശ്ശൂരിലെ പീറ്റേഴ്‌സ് ജിം ഉടമയും ട്രെയിനറുമായ പെരുവകുളങ്ങര കാവുങ്ങല്‍ വീട്ടില്‍ വിജില്‍ പീറ്ററിന്റെ വസതിയില്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം കണ്ടെത്തി. ഡ്രഗ്സ് ഇന്‍സ്‌പെക്ടര്‍ (ഇന്റലിജന്‍സ് ബ്രാഞ്ച്) ഗ്ലാഡിസ് പി. കാച്ചപ്പിള്ളി നിയമനടപടി സ്വീകരിച്ചു. പരിശോധനയില്‍ കണ്ടെത്തിയ മരുന്നുകള്‍ വിപണിയില്‍ 1,20,000 രൂപക്ക് മുകളില്‍ വിലമതിക്കുന്നതാണ്. പിടിച്ചെടുത്ത എല്ലാ മരുന്നുകളും രേഖകളും ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 3-യില്‍ ഹാജരാക്കി. പരിശോധനയില്‍ സീനിയര്‍ ഡ്രഗ്സ് ഇന്‍സ്‌പെക്ടര്‍ വി.എ. വനജ, ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ വി.എസ് ധന്യ, റെനിത റോബര്‍ട്ട്, എ.വി ജിഷ എന്നിവരും ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ കവിത വി.എ, ജി.എസ്.സി.പി.ഒ റാഫി സി.ടി, സ്‌പെഷല്‍ ബ്രാഞ്ചിലെ വിജിത്ത് എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *