തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ റാഗിങ് തടയുന്നതിനുള്ള കർശന നടപടികൾ എടുത്തിട്ടുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. റാഗിങ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താൽ 24 മണിക്കൂറിനകം പൊലീസിൽ അറിയിക്കുകയും, ബന്ധപ്പെട്ട വിദ്യാർത്ഥിയെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കുകയും ചെയ്യുമെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു.
പ്രിന്‍സിപ്പല്‍മാരുടെ അടിയന്തര യോഗം ചേര്‍ന്ന് ആന്റി റാഗിങ് സ്‌ക്വാഡിന്റെ പ്രവർത്തനം ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ കോഴ്‌സുകളുടെയും പ്രോസ്‌പെക്ടസില്‍ റാഗിങ് നിരോധനം സംബന്ധിച്ച് വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആന്റി റാഗിങ് അണ്ടർടേക്കിങ് എഴുതി നൽകേണ്ടതാണെന്നും മന്ത്രി അറിയിച്ചു.
വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രത്യേകം ശ്രദ്ധയോടെയാണ് ഹോസ്റ്റൽ സൗകര്യങ്ങൾ ഒരുക്കുന്നതെന്നും, ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് പ്രത്യേക ബ്ലോക്കുകളും വാഹനസൗകര്യങ്ങളും ഏർപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ഹോസ്റ്റലുകളിൽ റാഗിങ് സംബന്ധിച്ച് അവബോധം പ്രചരിപ്പിക്കാൻ പോസ്റ്ററുകൾ പതിപ്പിക്കുകയും, പരാതിക്കായി പ്രത്യേക ഫോൺ നമ്പറുകൾ നൽകുകയും ചെയ്തിട്ടുണ്ട്. പുതിയ പ്രവേശനക്കാർ സീനിയർമാരുടെ അനാവശ്യ ഇടപെടലുകൾക്ക് വിധേയമാകുന്നുണ്ടോയെന്ന് കൃത്യമായി നിരീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.





