ശബരിമല: ഭക്ത ലക്ഷങ്ങൾ പ്രർഥനാനിർഭരരായി കാത്തിരിക്കുന്ന ശബരിമല മകര വിളക്ക് ഇന്ന്. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകീട്ട് ദേവസ്വ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ ശരംകുത്തിയിൽ സ്വീകരിക്കും. ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി ദീപാരാധന.
ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പല മേട്ടിൽ മകര ജ്യോതി ദൃശ്യമാകും. ആകാശത്ത് മകര സംക്രമ നക്ഷത്രവും കാണാം. നേരിട്ട് കാണാൻ സാധിക്കുന്ന ഇടങ്ങളിലെല്ലാം ഭക്തർ നിറഞ്ഞു. രണ്ട് ദിവസമായി ദർശനത്തിനു എത്തിയ തീർഥാടകർ മലയിറങ്ങാതെ കാത്തിരിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിവരെയാണ് തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിക്കുക. സുരക്ഷയ്ക്കായി 5000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മകര വിളക്കിനായി ഈ വർഷം രണ്ട് ലക്ഷത്തോളം ഭക്തർ എത്തുമെന്നാണ് പ്രതീക്ഷ.
800 കെഎസ്ആർടിസി ബസുകളും 150 ഷട്ടിൽ സർവീസുകളും തിരികെ മടങ്ങുന്നവർക്കായി ഒരുക്കിയിട്ടുണ്ട്. വെർച്വൽ ക്യൂ വഴിയും തത്സമയ ഓൺലൈൻ ബുക്കിംഗിലൂടെയും ഭക്തർക്കുള്ള പ്രവേശനവും ക്രമീകരിച്ചിട്ടുണ്ട്.





