വ്യത്യസ്തതയാർന്ന മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് കർമ്മസൂര്യ പുരസ്കാരം സമർപ്പിച്ചു. തൊടുപുഴ ടൗൺ ഹാളിൽ ആർ.ടി.ഐ.കൗൺസിൽ സംഘടിപ്പിച്ച ഉപഭോക്തൃസംഗമത്തിൽ വെച്ചാണ് ജലസേചനവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ബെന്നിവക്കീലിന് പുരസ്കാരം നല്കി ആദരിച്ചതു്. ഉപഭോക്തൃ കേസുകൾ നടത്തി റെക്കോർഡിട്ടുള്ള ബെന്നിവക്കീൽ ഈ മേഖലയിൽ ബോധവൽക്കരണത്തിന് വേണ്ടി സജീവമായി ഇടപെട്ടുവരുന്നു.സാംസ്കാരികരംഗത്തും ജീവകാരുണ്യരംഗത്തും വക്കീൽ സജീവമാണ്. കിഡ്ണി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക സെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ്. തൃശൂർ സാംസ്കാരിക അക്കാദമിയുടെ പ്രസിഡണ്ടാണ്. ആയിരത്തിലധികം സ്പോർട്സ് ലേഖനങ്ങളും വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി ആയിരത്തോളം വീഡിയോകളും ബെന്നിവക്കീലിൻ്റേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്.പത്മവ്യൂഹം ഭേദിച്ച് എന്ന അഡ്വ.ഏ.ഡി.ബെന്നിയുടെ ജീവചരിത്രഗ്രന്ഥം പ്രശസ്തമാണ്.ചടങ്ങിൽ തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർ പെഴ്സൺ പ്രൊഫ.ജെസ്സി ആൻറണി, അധ്യക്ഷത വഹിച്ചു. കൊച്ചി കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ സാബു ജോർജ്, ഫാദർ.സെബി ജോൺ, സിസ്റ്റർ ജാൻസി.എം.ജോർജ്, പ്രിൻസ് തെക്കൻ,മുഹമ്മദ് ഷാനിദ്, ഡോ.ജെബി മൈതിൻ അർജുൻ.കെ.മേനോൻ എന്നിവർ പ്രസംഗിച്ചു.





