തിരുവനന്തപുരം: ബാലരാമപുരത്ത് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടരവയസ്സുകാരി ദേവേന്ദുവിനെ ജീവനോടെ കിണറ്റിൽ എറിഞ്ഞതായാണ് അമ്മാവൻ ഹരികുമാറിന്റെ കുറ്റസമ്മത മൊഴി. എന്താണ് കൊലപാതക കാരണമെന്നറിയാനായി പൊലീസിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കൊലപാതകത്തിൽ കുട്ടിയുടെ അമ്മ ശ്രീതുവിനും പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കേസിൽ അമ്മയെയും പ്രതിചേർക്കാനാണ് തീരുമാനം. സഹോദരനും സഹോദരിയും തമ്മിൽ നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് അടക്കമുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചു.
ഹരികുമാർ കുറ്റം ഏറ്റുപറഞ്ഞിരുന്നെങ്കിലും കൊലപാതകത്തിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. പൊലീസ് കൂടുതൽ ചോദ്യം ചെയ്ത് കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്. കുറ്റകൃത്യത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് അന്വേഷണം തുടരുകയാണ്.
പോലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് അനുസരിച്ച് കുട്ടിയുടെ ശരീരത്തിൽ മുറിവുകളോ ബലപ്രയോഗത്തിന്റെ അടയാളങ്ങളോ കണ്ടെത്തിയിട്ടില്ല. അതേസമയം, കുടുംബത്തിനകത്തുള്ള ആരോ കുട്ടിയെ അപായപ്പെടുത്തിയതാണെന്ന സംശയത്തിലാണ് അന്വേഷണ സംഘം.
കുടുംബ പ്രശ്‌നങ്ങളോ മറ്റ് കാരണങ്ങളോ കൊലപാതകത്തിനു പിന്നിലെന്ന സംശയത്തെ തുടർന്ന് മാതാപിതാക്കളായ ശ്രീതു, ശ്രീജിത്ത്, മുത്തശി എന്നിവരെയും പൊലീസ് ചോദ്യം ചെയ്തു. കുട്ടിയെ കൊല്ലാനുള്ള കാരണം വ്യക്തമല്ലെന്നും, ഹരികുമാർ എന്തോ മറയ്ക്കുകയാണെന്നും അന്വേഷണസംഘം കരുതുന്നു.
ഇന്നലെ രാത്രിയോടെ മാതാപിതാക്കളോടൊപ്പം ഉറങ്ങിയ കുട്ടിയെ രാവിലെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് കിണറ്റിൽ മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിന് അന്വേഷണ സംഘം പരിശോധന തുടരുകയാണ്.