ന്യൂഡൽഹി: യുപിഐ ട്രാൻസാക്ഷൻ ഐഡിയിൽ സ്പെഷ്യൽ കാരക്ടറുകൾ അനുവദിക്കില്ല എന്ന പുതിയ മാർഗ്ഗനിർദ്ദേശം ഫെബ്രുവരി 1, 2025 മുതൽ പ്രാബല്യത്തിൽ വരുമെന്ന് നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) അറിയിച്ചു. സ്പെഷ്യൽ കാരക്ടറുകൾ ഉൾപ്പെടുന്ന ഇടപാടുകൾ റദ്ദാക്കും എന്നതിനാൽ, ഉപയോക്താക്കളും പേയ്‌മെന്റ് സേവനദാതാക്കളും മുൻകരുതൽ സ്വീകരിക്കണമെന്ന് നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകി.
പുതിയ ചട്ടങ്ങൾ യുപിഐ ഇടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കുകയും, ഇടപാടുകളിൽ ഏകീകൃത ക്രമീകരണം ഉറപ്പാക്കുകയും ചെയ്യാൻ ആണ് ലക്ഷ്യമിടുന്നത്. ട്രാൻസാക്ഷൻ ഐഡികൾ ആൽഫാന്യുമെറിക് രൂപത്തിൽ മാത്രം ഉണ്ടാകണമെന്ന് നിർബന്ധമാക്കി എല്ലാ യുപിഐ സേവനദാതാക്കൾക്കും നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നിർദേശം നൽകി.
2024 മാർച്ച് 28ന് പുറത്തിറക്കിയ സർക്കുലർ അനുസരിച്ച്, പേയ്മെന്റ് സേവനദാതാക്കൾ നിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടെങ്കിലും, ചില പ്ലാറ്റ്‌ഫോമുകൾ ഇപ്പോഴും പുതിയ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല. അതിനാൽ, ഫെബ്രുവരി 1 മുതൽ നിയന്ത്രണം കർശനമായി നടപ്പിലാക്കുമെന്ന് നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കി. ഉപയോക്താക്കൾ തങ്ങളുടെ യുപിഐ ആപ്പുകൾ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് നിർദേശിക്കുന്നു.





